22 December Sunday

ഇന്ന് കൊച്ചിയിൽ മുഹമ്മദൻസിനോട്: ഉയിർക്കുമോ 
ബ്ലാസ്‌റ്റേഴ്‌സ്‌

സ്‌പോർട്‌സ്‌ ലേഖകൻUpdated: Sunday Dec 22, 2024

കേരള ബ്ലാസ്--റ്റേഴ്സ് പരിശീലകൻ ടി ജി പുരുഷോത്തമൻ

കൊച്ചി
പാതിവഴിയിൽ ഇടറിനിൽക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഉയിർപ്പ്‌ തേടി ഇന്ന്‌ കളത്തിൽ. സ്വന്തം തട്ടകമായ കൊച്ചിയിലാണ്‌ കളി. പരിശീലകൻ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയശേഷമുള്ള ആദ്യമത്സരമാണ്‌. മലയാളിയായ ടി ജി പുരുഷോത്തമനാണ്‌ താൽക്കാലിക പരിശീലകച്ചുമതല. മറുവശത്ത്‌ ബ്ലാസ്‌റ്റേഴ്‌സിനേക്കാൾ മോശം നിലയിലാണ്‌ മുഹമ്മദൻസ്‌.

12 മത്സരം പൂർത്തിയാകുമ്പോൾ 11 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ആകെ മൂന്നു ജയം. അതിലൊന്ന്‌ കൊൽക്കത്തയിൽ മുഹമ്മദൻസിനെതിരെ നേടിയതായിരുന്നു. എതിർതട്ടകത്തിലെ ഏകജയം. സീസണിൽ 24 ഗോളാണ്‌ വഴങ്ങിയത്‌. ലീഗിലെ ഏറ്റവും മോശം പ്രതിരോധം. അവസാന മൂന്നു കളിയിൽ ജയമില്ല. മുഹമ്മദൻസ്‌ 11 കളിയിൽ ഒരു ജയം മാത്രമായി അവസാന സ്ഥാനത്താണ്‌. സീസണിൽ എട്ടു കളി തോറ്റു. ഏറ്റവും കുറവ്‌ ഗോളടിച്ചതും കൊൽക്കത്തൻ ടീമാണ്‌. അഞ്ചെണ്ണം. 19 ഗോൾ വഴങ്ങി. തുടർച്ചയായി നാലു കളി തോറ്റാണ്‌ ലീഗിലെ അരങ്ങേറ്റക്കാർ കൊച്ചിയിൽ എത്തുന്നത്‌. അവസാന എട്ട് കളിയിൽ ജയമില്ല. ഏഴിലും തോൽവി.

ലീഗിൽ 12 മത്സരങ്ങളാണ്‌ ബാക്കി. തിരിച്ചടി മറികടക്കാനായാൽ ബ്ലാസ്‌റ്റേഴ്‌സിന്‌ പ്ലേ ഓഫ്‌ സാധ്യത തുറക്കാനാകും. പലപ്പോഴും പ്രതിരോധത്തിന്റെ മോശം പ്രകടനമാണ്‌ ടീമിനെ കുഴപ്പത്തിലാക്കിയത്‌. ഗോൾ കീപ്പർ സച്ചിൻ സുരേഷും ഇടയ്‌ക്ക്‌ വലയ്‌ക്ക്‌ മുന്നിൽവന്ന സോം കുമാറും ശരാശരിക്കും താഴെയുള്ള പ്രകടനമാണ്‌ പുറത്തെടുത്തത്‌. ഒരു കളിയിൽമാത്രമാണ്‌ ഗോൾ വഴങ്ങാത്തത്‌. പന്ത്‌ തടയുന്ന കണക്കിൽ 13 ടീമുകളിൽ ഏറ്റവും പിന്നിൽ.

‘കളിയിൽ അടിമുടി മാറ്റമൊന്നും ഉണ്ടാകില്ല. ടീമായി കളിക്കുക. മൂന്ന്‌ പോയിന്റ്‌ നേടുക. അതാണ്‌ ലക്ഷ്യം’–- പുരുഷോത്തമൻ പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകക്കുപ്പായത്തിലെ ആദ്യമലയാളിയാണ്‌ നാൽപ്പത്തഞ്ചുകാരൻ. ഇതുവരെ സഹപരിശീലകനായിരുന്നു. തൃശൂർ സ്വദേശിയാണ് മുൻ ഗോൾകീപ്പർ. സന്തോഷ് ട്രോഫിയിൽ അവസാനമായി കേരളം കിരീടം ചൂടിയപ്പോൾ സഹപരിശീലകനുമായിരുന്നു. സ്‌റ്റാറേയെ പുറത്താക്കിയശേഷം താൽക്കാലികമായി ചുമതല നൽകുകയായിരുന്നു. പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്‌ ടീം.

മുന്നേറ്റനിരയിൽ നോഹ സദൂയ്‌–-ഹെസ്യൂസ്‌ ഹിമിനെസ്‌ സഖ്യം നല്ല പ്രകടനമാണ്‌ പുറത്തെടുക്കുന്നത്‌. എന്നാൽ, ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയ്‌ക്ക്‌ മികവിലേക്ക്‌ ഉയരാൻ ഈ സീസണിൽ കഴിഞ്ഞിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top