03 October Thursday

‘ഹിമിനെസ്‌ ഗോൾ’ - ഹെസ്യൂസ്‌ ഹിമിനെസ്‌ സംസാരിക്കുന്നു

പ്രദീപ് ഗോപാൽUpdated: Thursday Oct 3, 2024


കൊച്ചി
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റനിരയുടെ കുന്തമുനയാണ്‌ ഹെസ്യൂസ്‌ ഹിമിനെസ്‌ എന്ന സ്‌പാനിഷുകാരൻ. മൂന്ന്‌ കളിയിൽ ഇറങ്ങി. ഒരു ഗോളടിച്ചു. മുന്നേറ്റത്തിൽ നോഹ സദൂയിക്കൊപ്പം ആക്രമണ നീക്കങ്ങൾക്ക്‌ ചുക്കാൻപിടിക്കുന്നു. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിലെ വമ്പൻമാരായ അത്‌ലറ്റികോ മാഡ്രിഡായിരുന്നു മുപ്പതുകാരന്റെ ആദ്യകളരി. അത്‌ലറ്റികോ അക്കാദമിയിൽനിന്ന്‌ പിന്നെ ലെഗനസിലേക്ക്‌. സ്‌പാനിഷ്‌ ലീഗിൽ വിവിധ ടീമുകൾക്കായി ഇറങ്ങി. തുടർന്ന്‌ അമേരിക്കൻ മേജർ ലീഗ്‌ സോക്കറിലും കനേഡിയൻ ലീഗിലും കളിച്ചു.ഐഎസ്‌എല്ലിലെ അനുഭവങ്ങളും പ്രതീക്ഷകളും ഹിമിനെസ്‌ പങ്കുവയ്‌ക്കുന്നു.


ക്ലബ്ബിലേക്കുള്ള വരവ്‌ ?
കോച്ച്‌ മിക്കേൽ സ്‌റ്റാറേയിലൂടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച്‌ അറിഞ്ഞത്‌. എന്നപ്പോലൊരു കളിക്കാരനെയാണ്‌ അവർക്ക്‌ ആവശ്യമെന്ന്‌ പറഞ്ഞു. ഇവിടത്തെ കാണികളാണ്‌ ടീമിൽ ചേരാനുള്ള കാരണം. ആളുകൾക്ക്‌ ഫുട്ബോളിനുള്ള ഇഷ്ടം എന്നെ അത്ഭുതപ്പെടുത്തി. ആരാധർക്കായി കളിക്കാൻ ഞാനും ഇഷ്ടപ്പെടുന്നു.

ലീഗിൽ വേണ്ട 
മാറ്റങ്ങൾ?
എന്ത്‌ മാറ്റമാണ്‌ വേണ്ടതെന്ന്‌ കൃത്യമായി പറയാനറിയില്ല. എങ്കിലും ഇന്ത്യൻ താരങ്ങൾക്ക്‌ കൂടുതൽ പ്രാധാന്യം ലഭിക്കണം. വിദേശതാരങ്ങളുമായി ചേർന്ന്‌ കളിക്കുമ്പോൾ കൂടുതൽ അനുഭവസമ്പത്തുണ്ടാകും. അതിന്റെ ഗുണവും ലഭിക്കും.

പൊഡോൾസ്‌കി 
അനുഭവം?
പൊഡോൾസ്‌കിക്കൊപ്പം പോളണ്ട്‌ ക്ലബ്‌ ഗോർണിക്‌ സബ്രെസെയിലും ഇൻസിന്യെയ്‌ക്കൊപ്പം ടൊറന്റോ എഫ്‌സിയിലും കളിക്കാനായത് ഭാഗ്യമാണ്. ഇരുവരും മികച്ച താരങ്ങളാണ്‌. യൂറോപ്യൻ ലീഗുകളിലും ചാമ്പ്യൻസ്‌ ലീഗിലുമെല്ലാം തിളങ്ങിയവർ. കളത്തിൽ വലിയ പിന്തുണ നൽകിയിട്ടുണ്ട്‌. അന്നത്തെ ഓർമകൾ എന്നുമുണ്ടാകും.

സീസണിലെ ലക്ഷ്യം?
ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകർ കിരീടത്തിനായി കാത്തിരിക്കുകയാണെന്ന്‌ അറിയാം. മികച്ച കളി പുറത്തെടുക്കുക, കിരീടം നേടുക. ഇതാണ്‌ പ്രധാന ലക്ഷ്യം. ക്ലബ്ബിന്‌ മികച്ച യുവതാരങ്ങളാണുള്ളത്‌. മുന്നേറണമെന്നും പ്രകടനം മെച്ചപ്പെടുത്തണമെന്നും ആഗ്രഹമുള്ളവർ. അതിനായുള്ള പിന്തുണ നൽകാൻ കഴിയുന്നുണ്ട്‌.

കളിയിലെ സാഹചര്യം?
യൂറോപ്പിലെയും അമേരിക്കയിലെയും സാഹചര്യങ്ങളിൽനിന്നുള്ള വ്യത്യാസം കാലാവസ്ഥയാണ്‌. അതൊരു വെല്ലുവിളിയാണ്. ചൂട്‌ പ്രധാന ഘടകമാണ്‌. കളിയുടെ നിലവാരത്തിൽ വ്യത്യാസമുണ്ട്‌. ഇവിടെ ലീഗിന്റെ നിലവാരം ഉയർന്നുവരും. കളിക്കാരനെന്ന നിലയിൽ ടീമിന്റെ പ്രകടനത്തിനൊപ്പം എന്റെ കളിമികവും കൂട്ടണമെന്നാണ്‌ ആഗ്രഹം. ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച്‌ ഇതുവരെയുള്ള അനുഭവത്തിൽ സന്തോഷവാനാണ്‌. നിറഞ്ഞ കാണികൾക്കുമുന്നിൽ പന്തു തട്ടുകയെന്നത്‌ മനോഹരമായ അനുഭവമാണ്‌.


ബ്ലാസ്‌റ്റേഴ്സ്‌ 
ഇന്ന്‌ ഒഡിഷയോട്‌
ഐഎസ്‌എൽ ഫുട്‌ബോളിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. എതിർത്തട്ടകത്തിൽ ഒഡിഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം. അവസാനകളിയിൽ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡുമായി 1–-1ന്‌ പിരിഞ്ഞാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ എത്തുന്നത്‌. മൂന്ന്‌ കളിയിൽ ഓരോ ജയവും തോൽവിയും സമനിലയുമായി അഞ്ചാംസ്ഥാനത്താണ്‌. നാല്‌ പോയിന്റുണ്ട്‌. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ ആദ്യ പതിനൊന്നിൽ കളിക്കും. പനി മാറി പൂർണക്ഷമത വീണ്ടെടുത്ത ഉറുഗ്വേക്കാരൻ തിരിച്ചെത്തുന്നത്‌ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഒഡിഷയാകട്ടെ പത്താംസ്ഥാനത്താണ്‌. മൂന്ന്‌ കളിയിൽ രണ്ടിലും തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top