കൊച്ചി
തട്ടകത്തിലെ പോരിൽ ജയിച്ചു, ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിർമടയിലാണ് പരീക്ഷണം. ഒന്നല്ല, തുടർച്ചയായി മൂന്നെണ്ണം. 29ന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡുമായുള്ള കളിയോടെ മിക്കേൽ സ്‌റ്റാറേയുടെ സംഘത്തിന്റെ യഥാർഥ വെല്ലുവിളികൾ തുടങ്ങും. ഗുവാഹത്തിയിലാണ് മത്സരം. തുടർന്ന് ഒഡിഷ എഫ്‌സി, മുഹമ്മദൻസ് ടീമുകളെയും അവരുടെ തട്ടകത്തിൽ നേരിടും.
കൊച്ചിയിൽനിന്ന് ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ് ബ്ലാസ്‌റ്റേഴ്‌സ് എതിർതട്ടകങ്ങളിലേക്ക് പറക്കുന്നത്. ഐഎസ്‌എൽ ആദ്യകളിയിൽ പഞ്ചാബ് എഫ്‌സിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ കരുത്തരായ ഈസ്‌റ്റ് ബംഗാളിനെ ഒന്നാന്തരം പോരാട്ടത്തിൽ കീഴടക്കാൻ കഴിഞ്ഞു. ഒരു ജയം, പോയിന്റ് പട്ടികയിലെ സ്ഥാനക്കയറ്റത്തിന് മാത്രമല്ല നിർണായകമായത്. ടീമിന്റെ ആത്മവിശ്വാസത്തിന് ബലം നൽകി. ടീം അന്തരീക്ഷത്തെ മാറ്റി. ആരാധകരുടെ നിരാശ മായ്‌ച്ചു.
ഈസ്‌റ്റ് ബംഗാളിനെതിരെ ആദ്യഘട്ടത്തിൽ മികവ് കാട്ടാൻ ബ്ലാസ്‌റ്റേഴ്‌സ് നിരയ്‌ക്ക് കഴിഞ്ഞിരുന്നില്ല. മുന്നേറ്റത്തിൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടായി. പക്ഷേ, കളി പുരോഗമിക്കുംതോറും മാറ്റം കണ്ടുതുടങ്ങി. നല്ല രീതിയിലുള്ള ആക്രമണക്കളി കാണാനായി. അവസാന 30 മിനിറ്റിൽ കൃത്യമായ ആധിപത്യത്തോടെയാണ് പന്ത് തട്ടിയത്. ആ വഴിയിൽ ഗോളും പിന്നെ ജയവും വന്നു.
‘‘ഞങ്ങൾക്കിത് വളരെ പ്രധാനപ്പെട്ടതാണ്. തുടർതോൽവികൾ കളിക്കാരുടെ ആത്മവിശ്വാസത്തെ പെട്ടെന്ന് തകർത്തുകളയും. ഒരു കളി ജയിച്ചാൽ അത് പകരുന്ന ഊർജം വലുതായിരിക്കും. കളിക്കാരിൽ മാത്രമല്ല, ടീം അന്തരീക്ഷത്തെ മാറ്റും. ആരാധകരുടെ പിന്തുണ കൂടും’’ –- ഈസ്‌റ്റ് ബംഗാളുമായുള്ള മത്സരശേഷം പരിശീലകൻ സ്‌റ്റാറേ വ്യക്തമാക്കി.
മധ്യനിരയിൽ വിബിൻ മോഹനനെ കൊണ്ടുവന്ന മാറ്റമാണ് കളിയിൽ നിർണായകമായത്. മധ്യനിരയ്‌ക്ക് സന്തുലനം നൽകാൻ വിബിന് കഴിഞ്ഞു. അതുവഴി അലെക്‌സാൻഡ്രെ കൊയെഫിനും ഡാനിഷ് ഫാറൂഖിനും സ്വതന്ത്രമായി പന്ത് തട്ടാനുള്ള അവസരവും കിട്ടി. മുന്നേറ്റത്തിലേക്ക് പന്തൊഴുകാൻ തുടങ്ങി. അഡ്രിയാൻ ലൂണ തിരിച്ചെത്തുന്നതോടെ മധ്യനിര കൂടുതൽ ചലനാത്മകമാകുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ. മുന്നേറ്റത്തിൽ വിദേശതാരങ്ങളായ നോഹ സദൂയിയും ജീസസ് ജിമിനെസും മികവ് തുടർന്നാൽ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന് ഏറെ പ്രതീക്ഷിക്കാം. ഈസ്‌റ്റ് ബംഗാളിനെതിരെ പകരക്കാരനായെത്തി വിജയഗോൾ നേടിയ ക്വാമി പെപ്ര സ്ഥിരത നേടിയാൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണമുനയുടെ മൂർച്ച ഒന്നുകൂടി മിനുങ്ങും. മലയാളിതാരം കെ പി രാഹുലിന് മികവ് കണ്ടെത്താനായിട്ടില്ല. പ്രതിരോധത്തിൽ പരിചയസമ്പന്നനായ പ്രീതം കോട്ടൽ കഴിഞ്ഞ സീസണിലെ പിഴവുകൾ തിരുത്തി തിരിച്ചുവരികയാണ്. മിലോസ് ഡ്രിൻസിച്ചാണ് കൂട്ട്. പക്ഷേ, ഇടതുബാക്ക് സന്ദീപ് സിങ് കഴിഞ്ഞ രണ്ടുകളിയിലും നിരാശപ്പെടുത്തി. ഈസ്‌റ്റ് ബംഗാളിനെതിരെ സന്ദീപിന്റെ പിഴവാണ് ഗോൾ വഴങ്ങാൻ കാരണമായത്. നോർത്ത് ഈസ്‌റ്റിനെതിരെ ഇറങ്ങുമ്പോൾ കടുത്ത പോരാട്ടമാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. ഡ്യൂറൻഡ് കപ്പ് ജേതാക്കളായ നോർത്ത് ഈസ്‌റ്റ് ഐഎസ്‌എല്ലിൽ തുടക്കം മോശമാക്കിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..