കൊച്ചി
തുടർത്തോൽവികളിൽനിന്ന് വിജയവഴിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് എഫ്‌സി ഗോവയുടെ വെല്ലുവിളി. കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
തുടർച്ചയായ മൂന്ന് തോൽവികൾക്കുശേഷം കരുത്തരായ ചെന്നൈയിൻ എഫ്‌സിയെ തകർത്താണ് ബ്ലാസ്‌റ്റേഴ്‌സ് കരുത്തുകാട്ടിയത്. നിലവിൽ ഒമ്പത് കളിയിൽ 11 പോയിന്റുമായി പട്ടികയിൽ 11–-ാംസ്ഥാനത്താണ് മിക്കേൽ സ്‌റ്റാറേയുടെ സംഘം. ഗോവ എട്ട് കളിയിൽ 12 പോയിന്റുമായി എട്ടാമതാണ്.
ചെന്നൈയിനെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്. മുന്നേറ്റത്തിൽ നോഹ സദൂയ്–-ഹെസ്യൂസ് ഹിമിനെസ് സഖ്യം മിന്നിയപ്പോൾ ആധികാരിക പ്രകടനമാണ് കണ്ടത്. അഡ്രിയാൻ ലൂണയും കളംനിറഞ്ഞ് കളിച്ചു. ഹിമിനെസ് തുടർച്ചയായ ആറ് കളിയിലാണ് ഗോളടിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്ലാസ്‌റ്റേഴ്‌സ് താരം. സീസണിൽ ആകെ ഏഴ് ഗോളായി സ്‌പാനിഷുകാരന്. സദൂയ് നാല് ഗോളടിച്ചു. പ്രതിരോധത്തിലും ഒത്തിണക്കംകാട്ടി. സീസണിൽ ആദ്യമായി ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാക്കി. ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പ്രകടനം നിർണായകമായി.
മറുവശത്ത്, ഇന്ത്യൻ ടീം പരിശീലകനായ മനോലോ മാർക്വസാണ് ഗോവയെ പരിശീലിപ്പിക്കുന്നത്. ബംഗളൂരു എഫ്‌സിയെയും പഞ്ചാബ് എഫ്‌സിയെയും വീഴ്‌ത്തിയാണ് ഗോവ എത്തുന്നത്. അർമാൻഡോ സാദിക്കുവാണ് ശ്രദ്ധേയതാരം. സീസണിൽ എട്ട് ഗോളായി സാദിക്കുവിന്. ഡെയാൻ ഡ്രാൻസിച്ച്, ബോർഹ ഹെരേര എന്നിവരും ഗോവയ്‌ക്കായി മികച്ച കളിയാണ് പുറത്തെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..