23 December Monday

ക്രിസ്മസ് മധുരം ; മൂന്നടിച്ച്‌ ഉയിർപ്പ്‌ , ബ്ലാസ്‌റ്റേഴ്‌സിന്‌ സന്തോഷത്തിന്റെ രാവ്‌

പ്രദീപ്‌ ഗോപാൽUpdated: Monday Dec 23, 2024

ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ആഘോഷിക്കുന്ന പെപ്രയും സദൂയിയും ലൂണയും ഫോട്ടോ: പി ദിലീപ്കുമാർ


കൊച്ചി
അശാന്തമായ ദിനങ്ങൾക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ സന്തോഷത്തിന്റെ രാവ്‌. കോച്ച്‌ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയശേഷമുള്ള ആദ്യകളിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ജയം നുണഞ്ഞു. ഐഎസ്‌എല്ലിൽ മുഹമ്മദൻസിനെ മൂന്ന്‌ ഗോളിന്‌ തകർത്തു. ഈ സീസണിൽ ഗോൾ വഴങ്ങാതെ പൂർത്തിയാക്കിയ രണ്ടാമത്തെ മാത്രം മത്സരം. മലയാളിയായ ഇടക്കാല കോച്ച്‌ ടി ജി പുരുഷോത്തമന്‌ കീഴിൽ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ്‌ കളിയുടെ രണ്ടാംപകുതിയിൽ മിന്നുന്ന പ്രകടനമാണ്‌ പുറത്തെടുത്തത്.  ആദ്യഗോൾ മുഹമ്മദൻസ്‌ ഗോൾ കീപ്പർ ഭാസ്‌കർ റോയിയുടെ പിഴവിൽനിന്നായിരുന്നു. നോഹ സദൂയിയും പകരക്കാരനായെത്തിയ അലെക്‌സാൻഡ്രേ കൊയെഫും ലക്ഷ്യം കണ്ടു. ജയമധുരവുമായി ബ്ലാസ്‌റ്റേഴ്‌സിന്‌ ഇനി ക്രിസ്‌മസ്‌ ആഘോഷിക്കാം. മൂന്ന്‌ തുടർത്തോൽവികൾക്കുശേഷമാണ്‌ സീസണിലെ നാലാംജയം.  13 കളിയിൽ 14 പോയിന്റുമായി പത്താമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌.

ഗോളടിക്കാരൻ ഹെസ്യൂസ്‌ ഹിമിനെസ്‌ ഇല്ലാതെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. കളിയുടെ തുടക്കത്തിൽ നോഹ സദൂയ്‌ രണ്ട്‌ ക്രോസുകൾ തൊടുത്തതൊഴിച്ചാൽ കളത്തിൽ മങ്ങി ബ്ലാസ്‌റ്റേഴ്‌സ്‌. അർഥപൂർണമായ ഒരു നീക്കവുംവന്നില്ല. അരമണിക്കൂറിനുശേഷമാണ്‌ ഗോളിനായുള്ള ശ്രമമുണ്ടായത്‌. സദൂയിയുടെ ക്രോസിൽ പെപ്ര തലവച്ചു. ഹെഡർ പക്ഷേ, ഗോൾ കീപ്പറുടെ കൈയിലേക്കായി. ആദ്യപകുതിയുടെ അവസാനഘട്ടത്തിൽ കോറു സിങ്‌ തൊടുത്ത ഹെഡർ ഗോൾ കീപ്പർ തടഞ്ഞതായിരുന്നു മറ്റൊരു നീക്കം. മറുവശത്ത്‌ മുഹമ്മദൻസ്‌ പന്ത്‌ നിയന്ത്രണത്തിൽ ഏറെ പിന്നിലായി.

രണ്ടാംപകുതിയിൽ ഒത്തിണക്കത്തോടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പന്ത്‌ തട്ടിയത്‌. അഡ്രിയാൻ ലൂണയും ക്വാമി പെപ്രയും സദൂയിയും കണ്ണിചേർന്ന്‌ മുന്നേറി. അതിന്റെ മാറ്റവും കളത്തിലുണ്ടായി. മുഹമ്മദൻസ്‌ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. ഭാസ്‌കർ റോയിയുടെ തകർപ്പൻ പ്രകടനമാണ്‌ മുഹമ്മദൻസിനെ ആ ഘട്ടത്തിൽ രക്ഷിച്ചത്‌. മിലോസ്‌ ഡ്രിൻസിച്ചിന്റെ കരുത്തുറ്റ ഹെഡർ ഒന്നാന്തരമായാണ്‌ ഭാസ്‌കർ പിടിച്ചെടുത്തത്‌. എന്നാൽ, അതേ ഭാസ്‌കറിന്റെ പിഴവിൽ മുഹമ്മദൻസ്‌ വീണു. ലൂണയുടെ കോർണർ തടയാൻ മുന്നോട്ടാഞ്ഞ ഗോൾ കീപ്പർക്ക്‌ പിഴച്ചു. മുഷ്‌ടിയിൽ തട്ടി പന്ത്‌ വലയിലേക്ക്‌ വീണു. ആ ഗോൾ ബ്ലാസ്‌റ്റേഴ്‌സിന്‌ ഇരട്ടി ഊർജം പകർന്നു. അടുത്ത ഗോൾ അതിന്റെ തെളിവായി. ഇക്കുറിയും ആസൂത്രകൻ ലൂണ. സീസണിൽ ആദ്യമായി മിന്നിത്തിളങ്ങിയ ഉറുഗ്വെക്കാരൻ സഹതാരങ്ങളെ കൃത്യമായി കോർത്തിണക്കി. നിറഞ്ഞുകളിച്ച സദൂയ്‌ ലക്ഷ്യം കണ്ടു.  അവസാന ഘട്ടത്തിൽ കൊയെഫ്‌ ജയം പൂർത്തിയാക്കി. ലൂണ നൽകിയ പാസിൽ കൊയെഫ്‌ കാൽവച്ചപ്പോൾ ഗോൾ കീപ്പർക്ക്‌ ഒന്നും ചെയ്യാനായില്ല. മുഹമ്മദൻസ്‌ അവസാന സ്ഥാനത്ത്‌ തുടർന്നു.

അതേസമയം, സ്‌റ്റാറേയെ പുറത്താക്കിയ ബ്ലാസ്‌റ്റേഴ്‌സ്‌ ടീം മാനേജ്‌മെന്റിനെതിരെ ആരാധകകൂട്ടായ്‌മയായ മഞ്ഞപ്പട സ്‌റ്റേഡിയത്തിനകത്തും പുറത്തും ബാനർ ഉയർത്തി. മാനേജ്‌മെന്റ്‌ ആരാധകരെ വഞ്ചിച്ചെന്നായിരുന്നു ഇവരുടെ പരാതി.29ന്‌ ജംഷഡ്‌പുർ എഫ്‌സിയുമായാണ്‌ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top