22 November Friday
ആറു ടീമുകൾ , കാണികൾക്ക്‌ സൗജന്യം , തത്സമയം സ്റ്റാർ സ്‌പോർട്‌സിൽ

ഗ്രീൻഫീൽഡിൽ 
‘കേരള വെടിക്കെട്ട്‌’ ; പ്രഥമ ക്രിക്കറ്റ്‌ ലീഗ്‌ തിങ്കളാഴ്‌ചമുതൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 27, 2024

കൊച്ചി ബ്ലൂ ടെെഗേഴ്സ് താരം ബേസിൽ തമ്പി പരിശീലനത്തിൽ image credit kochi blue tigers facebook


തിരുവനന്തപുരം
കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ (കെസിഎൽ) ട്വന്റി20 മത്സരങ്ങൾക്ക്‌ സെപ്‌തംബർ രണ്ടുമുതൽ തുടക്കമാകും. കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായാണ്‌ കളി.

തിങ്കൾ പകൽ 2.30ന്‌ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ്‌ ആദ്യമത്സരം. രണ്ടാമത്തേത്‌ രാത്രി 7.45ന്‌ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിൽ നടക്കും. തുടർന്നുള്ള മത്സരങ്ങൾ പകൽ 2.30, വൈകിട്ട്‌ 6.45 സമയക്രമത്തിലാണ്‌. 17ന്‌ സെമിയും 18ന്‌ വൈകിട്ട്‌ 6.45ന്‌ ഫൈനലും നടക്കും. സ്റ്റാർ സ്‌പോർട്‌സ്‌–-1, ഫാൻകോഡ്‌ എന്നിവയിലൂടെ മത്സരം തത്സമയം കാണാം. കാണികൾക്ക്‌ പ്രവേശനം സൗജന്യമാണ്‌.

ട്രിവാൻഡ്രം റോയൽസ്‌, ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌, ആലപ്പി റിപ്പിൾസ്‌, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റേഴ്സ്‌ എന്നിവയാണ്‌ ടീമുകൾ. 114 താരങ്ങളാണ്‌ കളിക്കാനുള്ളത്‌. പി എ അബ്ദുൾ ബാസിത് (ട്രിവാൻഡ്രം റോയൽസ്‌), സച്ചിൻ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്‌), മുഹമ്മദ് അസറുദീൻ (ആലപ്പി റിപ്പിൾസ്‌), ബേസിൽ തമ്പി (കൊച്ചി ബ്ലൂ ടൈഗേഴ്സ്‌), വിഷ്‌ണു വിനോദ് (തൃശൂർ ടൈറ്റൻസ്‌), രോഹൻ എസ് കുന്നുമ്മൽ (കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാഴ്സ്‌) എന്നിവർ ഐക്കൺ താരങ്ങളാണ്‌.

കേരളത്തിന്റെ പരിശീലകനായിരുന്ന പി ബാലചന്ദ്രനാണ്‌ തിരുവനന്തപുരം ടീമിന്റെ കോച്ച്‌. വിലകൂടിയ താരമായ ഓൾറൗണ്ടർ എം എസ് അഖിലാണ്‌ പ്രധാനി. 7.4 ലക്ഷം രൂപയ്‌ക്കാണ്‌ ടീമിലെത്തിയത്‌. രോഹൻ പ്രേമും ടീമിലുണ്ട്‌. കലിക്കറ്റ്‌ ടീമിന്റെ പരിശീലനച്ചുമതല ഫിറോസ്‌ വി റഷീദിനാണ്‌. ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലാണ്‌ പ്രധാന കളിക്കാരൻ. സൽമാൻ നിസാറിനെ ഏഴുലക്ഷം രൂപയ്‌ക്ക്‌ ടീമിലെടുത്തു.

സുനിൽ ഒയാസിസ്‌ കോച്ചും വിഷ്‌ണു വിനോദ്‌ ക്യാപ്‌റ്റനുമായാണ്‌ തൃശൂരിന്റെ വരവ്‌. വിക്കറ്റ്‌ കീപ്പർ വരുൺ നായനാരെ 7.2 ലക്ഷം രൂപ നൽകിയാണ്‌ ടീമിലെത്തിച്ചത്‌. കൊച്ചിയുടെ കോച്ച്‌ സെബാസ്റ്റ്യൻ ആന്റണിയും ക്യാപ്‌റ്റൻ ബേസിൽ തമ്പിയുമാണ്‌. സിജോമോൻ ജോസഫും ആനന്ദ്‌ കൃഷ്‌ണനും ടീമിലുണ്ട്‌. മനു കൃഷ്‌ണനെ ഏഴുലക്ഷം രൂപയ്‌ക്കാണ്‌ സ്വന്തമാക്കിയത്‌. കൊല്ലം ടീമിന്റെ പരിശീലനച്ചുമതല വി എ ജഗദീഷിനാണ്‌. സച്ചിൻ ബേബിയാണ്‌ ക്യാപ്‌റ്റൻ. പ്രശാന്ത്‌ പരമേശ്വരൻ പരിശീലിപ്പിക്കുന്ന ആലപ്പുഴ ടീമിൽ മുഹമ്മദ്‌ അസറുദീനും അക്ഷയ്‌ ചന്ദ്രനും പ്രധാന കളിക്കാരാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top