തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) കളിക്കാർക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്ന് ക്യാപ്‌റ്റൻമാർ. മലയാളിതാരങ്ങൾക്ക് ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങളിലേക്ക് വഴിയൊരുങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷൻ സെപ്തംബർ രണ്ടുമുതൽ 18 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന കെഎസിഎല്ലിനുമുന്നോടിയായി സംഘടിപ്പിച്ച സൗഹൃദസംഗമത്തിൽ സംസാരിക്കുകയായിരുന്നു ആറു ടീമുകളുടെയും ക്യാപ്‌റ്റൻമാർ. മറ്റ് സംസ്ഥാനങ്ങൾ നേരത്തേതന്നെ ലീഗ് ആരംഭിച്ചു. വൈകിയാണെങ്കിലും ക്രിക്കറ്റ് ലീഗ് തുടങ്ങാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് അവർ പറഞ്ഞു.
സച്ചിൻ ബേബി
(ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്)
കേരളത്തിൽ ലീഗ് തുടങ്ങാൻ വൈകിയെങ്കിലും പുതിയ തലമുറയ്‌ക്ക് അവസരങ്ങൾ സൃഷ്‌ടിക്കും. സാധാരണക്കാരായ കളിക്കാർക്ക് മുകൾത്തട്ടുകളിലേക്ക് കയറുന്നതിനുള്ള കോണിപ്പടിയായി കെസിഎൽ മാറും.
ബേസിൽ തമ്പി
(കൊച്ചി ബ്ലൂ ടൈഗേഴ്സ്)
കപ്പ് നേടുന്നതിനാണ് പ്രാധാന്യം നൽകുന്നത്. കളിയിലെ ജയവും പരാജയവും നിർണയിക്കാൻ കഴിയുന്നത് ബൗളർമാർക്കായിരിക്കും. കളിക്കാരുടെ സമ്മർദം കുറച്ച് അവരെ സ്വതന്ത്രരായി കളിക്കാൻ അനുവദിക്കും.
വരുൺ നായനാർ
(തൃശൂർ ടൈറ്റൻസ്)
കെസിഎൽ ആദ്യത്തെ അനുഭവമാണ്. കൂടുതൽ പഠിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു. രണ്ടാഴ്‌ചയായി നല്ല പരിശീലനത്തിലാണ്.
രോഹൻ കുന്നുമ്മൽ
(കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്)
കപ്പടിക്കുകയാണ് ലക്ഷ്യം. എല്ലാ ടീമുകളും നല്ല തയ്യാറെടുപ്പ് നടത്തി. അതിനാൽ നല്ല മത്സരം പ്രതീക്ഷിക്കാം.
പി അബ്ദുൾ ബാസിത്
(ട്രിവാൻഡ്രം റോയൽസ്)
കളിക്കാരെല്ലാം ആവേശത്തിലാണ്. സീനിയർ, ജൂനിയർ ഭേദമില്ലാതെ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിനാൽ മത്സരഫലത്തെക്കുറിച്ച് പ്രവചിക്കാനാകില്ല.
മുഹമ്മദ് അസ്ഹറുദീൻ
(ആലപ്പി റിപ്പിൾസ്)
കേരള ക്രിക്കറ്റ് ലീഗിലൂടെ കേരളത്തിലെ 113 ക്രിക്കറ്റ് കളിക്കാർക്ക് അവസരം ലഭിക്കുന്നുവെന്നത് വലിയ കാര്യമാണ്. മറ്റ് ലീഗുകളിലുടെ ഏകദേശം 15 കളിക്കാർക്കായിരുന്നു അവസരം. ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കും.
പ്രഖ്യാപനം ഇന്ന്
കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗികപ്രഖ്യാപനം ഇന്ന് നടക്കും. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ പകൽ 12ന് ബ്രാൻഡ് അംബാസഡറായ മോഹൻലാൽ നിർവഹിക്കും. ട്രോഫി കായികമന്ത്രി വി അബ്‌ദുറഹിമാൻ അനാവരണം ചെയ്യും. ആറു ടീമുകൾ 33 മത്സരങ്ങൾ കളിക്കും. സെപ്‌തംബർ രണ്ടുമുതൽ 16 വരെ പകൽ 2.45നും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ. 17ന് സെമിയും 18ന് ഫൈനലും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..