18 September Wednesday

തിരുവനന്തപുരത്ത്‌ നാളെ തുടക്കം; കേരളത്തിലും ക്രിക്കറ്റ് പൂരം

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2024

കെസിഎൽ ട്രോഫിക്കരികെ മോഹൻലാൽ, പ്രിയദർശൻ, നടി കീർത്തി സുരേഷ്, മന്ത്രി വി അബ്--ദുറഹിമാൻ എന്നിവർ

തിരുവനന്തപുരം> പ്രഥമ കേരള ക്രിക്കറ്റ്‌ ലീഗ്‌ (കെസിഎൽ) ട്വന്റി20 മത്സരങ്ങൾക്ക്‌ നാളെ തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ രാത്രിയും പകലുമായാണ്‌  മത്സരം. പകൽ 2.30ന്‌ നടക്കുന്ന ആദ്യമത്സരത്തിൽ ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരം രാത്രി 7.45ന്‌ ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ലൂ ടൈഗേഴ്‌സും തമ്മിലാണ്‌. തുടർന്നുള്ള മത്സരങ്ങൾ പകൽ 2.30, വൈകിട്ട്‌ 6.45 എന്ന സമയക്രമത്തിലാണ്‌ നടക്കുക.

17ന്‌ സെമിയും 18ന്‌ വൈകിട്ട്‌ 6.45ന്‌ ഫൈനലും നടക്കും. ട്രിവാൻഡ്രം റോയൽസ്‌, കൊല്ലം സെയ്‌ലേഴ്സ്‌, ആലപ്പി റിപ്പിൾസ്‌, കൊച്ചി ബ്ലൂ ടൈഗേഴ്സ്‌, തൃശൂർ ടൈറ്റൻസ്‌, കലിക്കറ്റ്‌ ഗ്ലോബ്സ്റ്റാഴ്സ്‌ എന്നിവയാണ്‌ കെസിഎല്ലിൽ പങ്കെടുക്കുന്ന ടീമുകൾ.

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഗ്‌ ഔദ്യോഗികമായി നടൻ മോഹൻലാൽ പ്രഖ്യാപിച്ചു. ചാമ്പ്യൻമാർക്കുള്ള ട്രോഫി മന്ത്രി വി അബ്ദുറഹിമാൻ പുറത്തിറക്കി. പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹൻലാൽ നിർവഹിച്ചു. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അധ്യക്ഷനായി. സെക്രട്ടറി വിനോദ് എസ് കുമാർ, കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, വനിതാ ക്രിക്കറ്റ് ഗുഡ്‌വിൽ അംബാസഡർ കീർത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും പങ്കെടുത്തു. ആറു ടീമുകളുടെയും ഫ്രാഞ്ചൈസി ഉടമകൾക്ക് മോഹൻലാൽ ഉപഹാരങ്ങൾ നൽകി.

"അപ്പോ എങ്ങനാ നമ്മൾ 
ഇറങ്ങുവല്ലേ'

"അപ്പോ എങ്ങനാ നമ്മൾ ഒന്നിച്ചങ്ങ് ക്രിക്കറ്റ് കളിക്കാനിറങ്ങുവല്ലേ?'–- ലീഗിന്റെ ലോഞ്ചിങ് നിർവഹിച്ച് നടൻ മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടി. ഇന്ത്യൻ ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് മോഹൻലാൽ പറഞ്ഞു.

2000 കോടി നിക്ഷേപം: മന്ത്രി

കേരളത്തിൽ കായികരംഗത്ത് സംസ്ഥാന സർക്കാർ രണ്ടായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം നടത്തിയതായി കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ മൂന്നുമുതൽ അഞ്ചുശതമാനംവരെയായി കായികരംഗത്തിന്റെ സംഭാവന വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുകയാണ്.
ക്രിക്കറ്റിലും ഫുട്ബോളിലും പ്രൊഫഷണൽ ലീഗുകൾ ആരംഭിക്കുന്നതിലൂടെ വലിയതോതിലുള്ള നിക്ഷേപമാണ് കേരളത്തിൽ വരികയെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top