തിരുവനന്തപുരം
ഗ്രീൻഫീൽഡിൽ റണ്ണിനൊപ്പം കോടികളുടെ കിലുക്കവും. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആറ് ടീമുകളിലായി 114 താരങ്ങളാണ് കളത്തിൽ ഇറങ്ങുക. ഇതിൽ ആറുപേർ ഐക്കൺ താരങ്ങളാണ്. ബാക്കി 108 കളിക്കാരെ ലേലത്തിലൂടെയാണ് കണ്ടെത്തിയത്.ഐപിഎൽ മാതൃകയിൽ മികച്ച താരങ്ങളെ ലേലം ചെയ്‌ത് കണ്ടെത്തുന്നതിലും കടുത്ത മത്സരമാണ് കെസിഎൽ ഫ്രാഞ്ചൈസികളും നടത്തിയത്. നാലുപേർക്ക് ഏഴുലക്ഷത്തിനു മുകളിലാണ് പ്രതിഫലം ലഭിച്ചത്. ഓൾ റൗണ്ടർ എം എസ് അഖിലിനെ സ്വന്തമാക്കുന്നതിന് ട്രിവാൻഡ്രം റോയൽസ് മുടക്കിയത് 7.4 ലക്ഷം രൂപയാണ്. കീപ്പർ വരുൺ നായനാരെ 7.2 ലക്ഷം രൂപ മുടക്കിയാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്. ഓൾ റൗണ്ടർ മനുകൃഷ്‌ണനുവേണ്ടി കൊച്ചി ബ്ലൂ ടൈഗേഴ്‌സും ബാറ്റർ സൽമാൻ നിസാറിനുവേണ്ടി കലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സും ഏഴു ലക്ഷം രൂപവീതമാണ് മുടക്കിയത്. 50,000 രൂപ അടിസ്ഥാന പ്രതിഫലമുണ്ടായിരുന്ന ഓൾ റൗണ്ടർ എം നിഖിലിനെ 4.6 ലക്ഷം രൂപയ്‌ക്ക് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് സ്വന്തമാക്കിയതും താരലേലത്തിന് ആവേശംപകർന്നിരുന്നു.
ഐപിഎല്ലിന്റെയുൾപ്പെടെ താരലേലം നിയന്ത്രിക്കുന്ന ചാരു ശർമയാണ് കെസിഎല്ലിന്റെ ലേലവും നിയന്ത്രിച്ചത്. 168 കളിക്കാരിൽനിന്നാണ് 108 താരങ്ങളെ ഫ്രാഞ്ചൈസികൾ ലേലം കൊണ്ടത്.
ഉദ്‌ഘാടനത്തിന് ദൃശ്യവിരുന്ന്
ഇന്ന് വൈകിട്ട് ആറിന് ഗായകൻ അരുൺ വിജയ് ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം ആലപിക്കുന്നതോടെ ഉദ്‌ഘാടനച്ചടങ്ങിന് തുടക്കമാകും. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ഒരുക്കിയിട്ടുണ്ട്. ബ്രാൻഡ് അംബാസഡർകൂടിയായ മോഹൻലാൽ, കായികമന്ത്രി വി അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ്‌വിൽ അംബാസഡർ കീർത്തി സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
ചാമ്പ്യൻമാർക്ക് 30 ലക്ഷം
ക്രിക്കറ്റ് ലീഗിൽ ജേതാക്കൾക്ക് 30 ലക്ഷം രൂപ ട്രോഫിക്കുപുറമെ ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 20 ലക്ഷം രൂപയും മൂന്നാംസ്ഥാനക്കാർക്ക് അഞ്ചുലക്ഷം രൂപയുമാണ് സമ്മാനം.
തത്സമയം കാണാം
സ്‌റ്റാർ സ്‌പോർട്‌സ്1, ഫാൻകോഡ് എന്നിവ മത്സരങ്ങൾ ലൈവ് സ്ട്രീമിങ് നടത്തും. ആൻഡ്രോയിഡിലും ഐഒഎസിലും ലഭിക്കുന്ന ഫാൻകോഡിന്റെ മൊബൈൽ ആപ്പിലും ആൻഡ്രോയിഡ് ടിവി, ആമസോൺ ഫയർ ടിവി സ്റ്റിക്ക്, ജിയോ സെറ്റ് ടോപ് ബോക്‌സ്, സാംസങ് ടിവി, ഒടിടി പ്ലേ, ആമസോൺ പ്രൈം വീഡിയോ, എയർടെൽ എക്‌സ്ട്രീം, ജിയോ ടിവി, ജിയോ ടിവി പ്ലസ് എന്നിവയിൽ ലഭിക്കുന്ന ടിവി ആപ് വഴിയും മത്സരങ്ങൾ കാണാനാകും. www.fancode.com എന്ന വെബ്‌സൈറ്റ് വഴിയും മത്സരം വീക്ഷിക്കാം.
വരുമാനം കുറയില്ല
കളി സൗജന്യമായി കാണാമെങ്കിലും വരുമാനം കണ്ടെത്തുന്നതിനുള്ള വാണിജ്യഘടകങ്ങൾകൂടി ഉൾപ്പെടുത്തിയാണ് കെസിഎൽ സംഘടിപ്പിക്കുന്നത്. സ്റ്റാർ സ്‌പോർട്‌സ് ലൈവ് സംപ്രേഷണം നടത്തുന്നതിന്റെ പരസ്യവരുമാനം കെസിഎയും ഫ്രാഞ്ചൈസികളും പങ്കിടും. ഒരു മത്സരത്തിൽ 2400 സെക്കൻഡ് പരസ്യമുണ്ടാകും. ഇതിൽ 1200 സെക്കൻഡ് സ്റ്റാർ സ്‌പോർട്‌സും ബ്രോഡ്കാസ്റ്റ് പ്രൊഡ്യൂസറായ 21 സെഞ്ചുറി മീഡിയയും പങ്കിടും. ശേഷിക്കുന്ന 1200 സെക്കൻഡിൽ 440 സെക്കൻഡ് വീതം രണ്ടു ടീമുകൾക്ക് ലഭിക്കും. 320 സെക്കൻഡിന്റെ വരുമാനം കെസിഎയ്‌ക്കും ലഭിക്കും.ഫ്രാഞ്ചൈസി ഇനത്തിൽ ഓരോ വർഷവും കെസിഎയ്‌ക്ക് 14 കോടി ലഭിക്കും. 10 വർഷത്തേക്കാണ് ഒരു ഫ്രാഞ്ചൈസിക്ക് ലൈസൻസ് നൽകിയിരിക്കുന്നത്. നാലു ടീമുകളെ 2.5 കോടി രൂപയ്‌ക്കും രണ്ടു ടീമുകളെ 2.01 കോടി രൂപയ്‌ക്കുമാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
ട്രിവാൻഡ്രം റോയൽസ്
പി എ അബ്ദുൽ ബാസിത്
(ക്യാപ്‌റ്റൻ).
പരിശീലകൻ: പി ബാലചന്ദ്രൻ (കേരള ടീം മുൻ പരിശീലകൻ).
സഹപരിശീലകർ: സോണി ചെറുവത്തൂർ, എസ് മനോജ് (ബാറ്റിങ്), അഭിഷേക് മോഹൻ (ഫീൽഡിങ്).
ഉടമകൾ: സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്നുള്ള കൺസോർഷ്യം.
പ്രധാന താരങ്ങൾ:
രോഹൻ പ്രേം, എം എസ് അഖിൽ, സി വി വിനോദ് കുമാർ, അഖിൻ സത്താർ.
ആലപ്പി റിപ്പിൾസ്
മുഹമ്മദ് അസ്ഹറുദീൻ
(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ).
പരിശീലകൻ: പ്രശാന്ത് പരമേശ്വരൻ (മുൻ ഐപിഎൽ താരം).
സഹപരിശീലകർ: രാമകൃഷ്ണൻ എസ് അയ്യർ (ബാറ്റിങ്), എൻ കെ ഉമേഷ് (ഫീൽഡിങ്).
ഉടമകൾ: ടി എസ് കലാധരൻ (കൺസോൾ ഷിപ്പിങ് സർവീസസ്), റാഫേൽ തോമസ്, ഷൈബു മാത്യു, ജിബിത് ജോയ്, നിജി ഇസ്‌മയിൽ.
പ്രധാന താരങ്ങൾ:
കൃഷ്‌ണപ്രസാദ്, അക്ഷയ് ചന്ദ്രൻ, വിനൂപ് മനോഹരൻ, ഫനൂസ് ഫൈസ്, വിശ്വേശ്വർ സുരേഷ്.
തൃശൂർ ടൈറ്റൻസ്
വരുൺ നായനാർ
(ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ).
പരിശീലകർ:- സുനിൽ ഒയാസിസ് (കേരള ടീം മുൻ ക്യാപ്റ്റൻ), വിനൻ ജി നായർ (ബാറ്റിങ്), കെവിൻ ഓസ്‌കാർ (സഹപരിശീലകൻ), സി പി ഷാഹിദ് (ബൗളിങ്).
ഉടമ-: സജ്ജാദ് സേട്ട് (ഫിനെസ് ഗ്രൂപ്പ്).
പ്രധാന താരങ്ങൾ: അക്ഷയ് മനോഹർ, എം ഡി നിതീഷ്, ഏഥൻ ടോം, വിഷ്‌ണുവിനോദ്.
കലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്
രോഹൻ എസ് കുന്നുമ്മൽ
(ക്യാപ്‌റ്റൻ).
പരിശീലകർ:- ഫിറോസ് വി റഷീദ്, ഡേവിഡ് ചെറിയാൻ (സഹപരിശീലകൻ), എം എസ് സുമേഷ് (ബാറ്റിങ്).
ഉടമ: സഞ്ജു മുഹമ്മദ്, ഇകെകെ ഇൻഫ്രാസ്ട്രക്ചർ.
പ്രധാന താരങ്ങൾ:
അഖിൽ സ്‌കറിയ, സൽമാൻ നിസാർ, പി എം അൻഫൽ, എം നിഖിൽ.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
ബേസിൽ തമ്പി
(ക്യാപ്‌റ്റൻ).
നിഖിൽ തോട്ടത്ത്, പവൻ ശ്രീധർ (വിക്കറ്റ് കീപ്പർ).
പരിശീലകർ:- സെബാസ്റ്റ്യൻ ആന്റണി, സി എം ദീപക് (സഹപരിശീലകൻ), എസ് അനീഷ് (ഫീൽഡിങ്).
ഉടമ: സുഭാഷ് മാനുവൽ (സിംഗിൾ ഐഡി സഹസ്ഥാപകൻ).
പ്രധാന താരങ്ങൾ:
മനു കൃഷ്‌ണൻ, സിജോമോൻ, ഷോൺ റോജർ.
ഏരീസ് കൊല്ലം
സെയിലേഴ്‌സ്
-സച്ചിൻ ബേബി
(ക്യാപ്റ്റൻ).
പരിശീലകർ:- വി എ ജഗദീഷ്, കെ മോനിഷ് (ബൗളിങ്), നിഖിലേഷ് സുരേന്ദ്രൻ (ഫീൽഡിങ്).
ഉടമ: സോഹൻ റോയ് (ഏരീസ് ഗ്രൂപ്പ്), എൻ പ്രബിരാജ്, എസ് ശ്രീശാന്ത് (മെന്റർ).
പ്രധാന താരങ്ങൾ: എസ് മിഥുൻ, വത്സൽ ഗോവിന്ദ്, കെ എം ആസിഫ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..