03 November Sunday

കൊച്ചിയെ 
തകർത്ത്‌ കലിക്കറ്റ്‌ ; ബ്ലൂ ടൈഗേഴ്‌സിനെ 39 റണ്ണിന് തോൽപ്പിച്ചു

സ്വന്തം ലേഖകൻUpdated: Thursday Sep 5, 2024

കൊച്ചി ബ്ലൂ ടെെഗേഴ്സിന്റെ ഷോൺ റോജറിന്റെ ക്യാച്ചെടുത്ത കലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന്റെ അഖിൽ സ്-കറിയയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ ഫോട്ടോ: ജി പ്രമോദ്


തിരുവനന്തപുരം
ആദ്യമത്സരത്തിലേറ്റ തോൽവിയുടെ ആഘാതം കൂറ്റൻ വിജയത്തിലൂടെ മറികടന്ന്‌ കലിക്കറ്റ്‌ ഗ്ലോബ്‌സ്റ്റാർസ്‌. കേരള ക്രിക്കറ്റ്‌ ലീഗിന്റെ (കെസിഎൽ) അഞ്ചാംമത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 39 റണ്ണിനാണ്‌ തോൽപ്പിച്ചത്‌.

സ്‌കോർ: കലിക്കറ്റ്‌ ഗ്ലോബ്‌സ്റ്റാഴ്‌സ്‌: 196/7; കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌: 157/8.

കൊല്ലം സെയിലേഴ്‌സിനോട്‌ പരാജയപ്പെട്ടതിൽനിന്ന്‌ പാഠം ഉൾക്കൊണ്ട പ്രകടനമാണ്‌ ബാറ്റിങ്ങിലും ബൗളിങ്ങിലും കലിക്കറ്റ്‌ പുറത്തെടുത്തത്‌. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ കലിക്കറ്റിന്‌ ഓപ്പണർമാരായ ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മലിനെയും (മൂന്നു പന്തിൽ എട്ട്‌) സഞ്‌ജയ്‌ രാജിനെയും (നാലു പന്തിൽ ആറ്‌) വേഗത്തിൽ നഷ്ടമായി. എന്നാൽ, അരസെഞ്ചുറിയുമായി എം അജിനാസും (39 പന്തിൽ 57) സൽമാൻ നിസാറും (38 പന്തിൽ 55) തകർത്തടിച്ചതോടെ കലിക്കറ്റ്‌ മികച്ച സ്‌കോറിലെത്തി. ഇരുവരും ചേർന്ന്‌ 98 റൺ കൂട്ടുകെട്ടുണ്ടാക്കി.

അഞ്ചാമനായി ഇറങ്ങിയ പി അൻഫലിന്റെ (19 പന്തിൽ 37) വെടിക്കെട്ടുകൂടിയായപ്പോൾ കെസിഎല്ലിൽ ഇതുവരെയുള്ള ഉയർന്ന സ്‌കോർ കലിക്കറ്റിന്റെ പേരിലായി. എം അജിനാസാണ്‌ കളിയിലെ താരം.മറുപടി ബാറ്റിങ്ങിൽ കൊച്ചിക്കുവേണ്ടി ഷോൺ റോജർ (34 പന്തിൽ 45 റൺ) മാത്രമാണ്‌ പൊരുതിയത്‌. അഞ്ചു ബാറ്റർമാർ രണ്ടക്കം കണ്ടില്ല. കലിക്കറ്റിനുവേണ്ടി അഖിൽ സ്‌കറിയയും നാല്‌ വിക്കറ്റുവീതം നേടി.മറ്റൊരു മത്സരത്തിൽ തൃശൂർ ടെെറ്റൻസിനെ എരീസ് കൊല്ലം സെയിലേഴ്സ് എട്ട് വിക്കറ്റിന് കീഴടക്കി. തൃശൂർ 101ന് പുറത്തായി. കൊല്ലം 16 ഓവറിൽ ജയം നേടി. ഇന്ന്‌ തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും തമ്മിലാണ്‌ കളി. രണ്ടാംമത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സും ആലപ്പി റിപ്പിൾസും ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top