തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് രണ്ടു റൺ ജയം. കൈയിൽ കിട്ടിയ വിജയമാണ് ആലപ്പി റിപ്പിൾസ് കൈവിട്ടത്. നാല് ഓവറിൽ 29 റൺ വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കിയ കൊല്ലത്തിന്റെ ബിജു നാരായണനാണ് കളിയിലെ താരം.
സ്‌കോർ: കൊല്ലം 163/5. ആലപ്പുഴ 161/8
ആലപ്പി അനായാസ ജയത്തിലേക്ക് കുതിക്കുമ്പോഴാണ് അപ്രതീക്ഷിത വഴിത്തിരിവ്. അവസാന ആറ് ഓവറിൽ ഒമ്പത് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 43 റൺ മതിയായിരുന്നു. എന്നാൽ, ഏഴ് വിക്കറ്റ് ബലികഴിച്ച് 40 റൺ നേടാനേ കഴിഞ്ഞുള്ളു. കെ എം ആസിഫ് എറിഞ്ഞ അവസാന ഓവറിൽ 11 റൺ മതിയായിരുന്നു. ഫാസിൽ ഫനൂസും നീൽ സണ്ണിയുമായിരുന്നു ക്രീസിൽ. സിക്‌സറടിച്ച് ഫാസിൽ (15) മുന്നേറിയതാണ്. എന്നാൽ, അവസാന പന്തിൽ മൂന്നു റൺ വേണമെന്നിരിക്കെ നീൽ സണ്ണി (4) പുറത്തായി. എസ് മിഥുൻ നിർണായക ക്യാച്ചെടുത്തു. ഓപ്പണർ മുഹമ്മദ് അസഹ്‌റുദീൻ (56), കൃഷ്‌ണപ്രസാദ് (28), വിനൂപ് മനോഹരൻ (36) എന്നിവരാണ് വിജയത്തിന് അരികെയെത്തിച്ചത്. പതിനഞ്ചാം ഓവറിൽ അസഹ്‌റുദീൻ പുറത്തായത് തിരിച്ചടിയായി. കൊല്ലത്തിനായി ആസിഫും എൻ എം ഷറഫുദീനും രണ്ട് വിക്കറ്റുവീതം വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത കൊല്ലത്തിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത് ക്യാപ്റ്റൻ സച്ചിൻ ബേബിയും രാഹുൽ ശർമയും ചേർന്നുള്ള കൂട്ടുകെട്ടാണ്. 33 പന്തിൽ 55 റൺ നേടിയാണ് സച്ചിൻ ബേബി മടങ്ങിയത്. 41 റണ്ണുമായി രാഹുൽ പുറത്തായില്ല. ആലപ്പുഴയ്‌ക്കായി വിശ്വേശ്വർ സുരേഷ് നാല് ഓവറിൽ 15 റൺ വഴങ്ങി മൂന്നു വിക്കറ്റ് നേടി.
ആറ് കളിയിൽ അഞ്ചും ജയിച്ച് കൊല്ലം സെമിയോട് അടുത്തു. 10 പോയിന്റുമായി ഒന്നാമതാണ്. ആലപ്പുഴ നാല് പോയിന്റുമായി അവസാനസ്ഥാനത്താണ്. ട്രിവാൻഡ്രം റോയൽസിന് ആറ് പോയിന്റുണ്ട്. ഇന്ന് പകൽ 2.30ന് ട്രിവാൻഡ്രം റോയൽസ് തൃശൂർ ടൈറ്റൻസിനെയും വൈകിട്ട് 6.45ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഏരീസ് കൊല്ലത്തെയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..