22 November Friday

കേരള ക്രിക്കറ്റ് ലീഗ് ; കൊച്ചി പുറത്ത്
 , തൃശൂർ കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കൊച്ചിയുടെ നാല് വിക്കറ്റെടുത്ത തൃശൂരിന്റെ മുഹമ്മദ് ഇഷാഖ്


തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ)നിന്ന്‌ പുറത്താകുന്ന ആദ്യടീമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റിന് കൊച്ചിയെ തോൽപ്പിച്ചു.

സ്കോർ: കൊച്ചി 84 (17), തൃശൂർ 85/6 (17.5).

ഒരു കളി ശേഷിക്കെ കൊച്ചി നാല് പോയിന്റുമായി അവസാന സ്ഥാനത്താണ്. ഏഴു കളി തോറ്റപ്പോൾ രണ്ടെണ്ണം ജയിച്ചു. ഇന്ന് ആലപ്പി റിപ്പിൾസിനെതിരെയാണ് അവസാനമത്സരം. തൃശൂർ എട്ട്‌ പോയിന്റുമായി സെമി സാധ്യത നിലനിർത്തി. നാളെ എരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെയാണ് അവസാനത്തെ കളി. തൃശൂരിന്റെ മുഹമ്മദ് ഇഷാഖാണ് കൊച്ചി ബാറ്റിങ്നിരയുടെ നടുവൊടിച്ചത്. നാല് ഓവറിൽ 12 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത ഇഷാഖാണ് കളിയിലെ താരം. എം ഡി നിധീഷിന് രണ്ടു വിക്കറ്റുണ്ട്. കൊച്ചി നിരയിൽ ഓപ്പണർ ആനന്ദ് കൃഷ്ണൻ (28) ഒഴികെ ആരും രണ്ടക്കം കടന്നില്ല. 85 റൺ വിജയലക്ഷ്യവുമായി  ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറിൽ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ബേസിൽ തമ്പിയുടെ നാലാംപന്തിൽ വിഷ്ണു വിനോദിന്റെയും (4) അഞ്ചാംപന്തിൽ അനസ് നസീറിന്റെയും വിക്കറ്റ് വീണു. അഞ്ച് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 23 റണ്ണായും 14 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 61 റണ്ണായും പ്രതിസന്ധി നേരിട്ട തൃശൂരിനെ പി മിഥുനും (23) ഏദൻ ആപ്പിൾ ടോമും (12) വിജയത്തിലെത്തിച്ചു. ഓപ്പണർ അഹമ്മദ് ഇമ്രാൻ 24 റണ്ണെടുത്തു.

ഇനി നാലു കളികൾ
കേരള ക്രിക്കറ്റ് ലീഗിൽ ഇന്നും നാളെയുമായി നാലു കളിയാണ് ബാക്കിയുള്ളത്. ഇന്ന് പകൽ 2.30ന് ട്രിവാൻഡ്രം റോയൽസ് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെയും വൈകിട്ട് 6.45ന് ആലപ്പി റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും നേരിടും. നാളെ പകൽ 2.30ന് കലിക്കറ്റ് ആലപ്പിയെയും കൊല്ലം തൃശൂരിനെയും നേരിടും. എരീസ് കൊല്ലം സെയ്‌ലേഴ്‌സ് മാത്രമാണ് സെമി ഉറപ്പാക്കിയത്.  17ന് സെമിയും 18ന് ഫൈനലും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top