തിരുവനന്തപുരം
അതിഥിതാരങ്ങളുടെ സ്‌പിൻപൂട്ടിൽ കേരളം പഞ്ചാബിനെ കുരുക്കി. തകർപ്പൻ പ്രകടനത്തിലൂടെ രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ജയത്തോടെ തുടക്കം. ആദ്യ രണ്ടുദിനവും മഴ വില്ലനായ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ഉശിരൻ ജയമാണ് സച്ചിൻ ബേബിയും കൂട്ടരും സ്വന്തമാക്കിയത്. നാലാംദിനം പഞ്ചാബ് ഉയർത്തിയ 158 റൺ ലക്ഷ്യം കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത മഹാരാഷ്‌ട്രക്കാരൻ ആദിത്യ സർവാതെയാണ് മാൻ ഓഫ് ദി മാച്ച്.
സ്‌കോർ: പഞ്ചാബ് 194, 142; കേരളം 179, 158/2.
ഒന്നാം ഇന്നിങ്‌സിൽ 15 റൺ ലീഡ് വഴങ്ങിയതോടെ കളി കൈവിട്ടുപോകുമെന്ന് കരുതിയതാണ്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ പഞ്ചാബിനെ കേരളത്തിന്റെ അതിഥിതാരങ്ങൾ തീർത്തു. 142 റണ്ണിന് പഞ്ചാബ് കൂടാരം കയറി. സർവാതെ നാല് വിക്കറ്റുമായി തിളങ്ങി. ബാബാ അപരാജിതും നാലെണ്ണം വീഴ്‌ത്തി. ജലജ് സക്‌സേന രണ്ടും. ഒന്നാം ഇന്നിങ്‌സിൽ സർവാതെയും ജലജും അഞ്ചുവീതം വിക്കറ്റാണ് നേടിയത്. വിദർഭ താരമായ സർവാതെയും തമിഴ്‌നാട്ടുകാരനായ അപരാജിതും ഈ സീസണിലാണ് കേരളത്തിനൊപ്പം ചേർന്നത്. മധ്യപ്രദേശുകാരനായ ജലജ് ഏറെക്കാലമായി കേരള ടീമിന്റെ നെടുന്തൂണാണ്. രണ്ടാം ഇന്നിങ്‌സിൽ പ്രധാന പേസറായ ബേസിൽ തമ്പിക്ക് ഒരോവർപോലും എറിയേണ്ടിവന്നില്ല.
നാലാംദിനം മൂന്നിന് 26 റണ്ണെന്നനിലയിലാണ് പഞ്ചാബ് തുടങ്ങിയത്.
തകർച്ച ഒഴിവാക്കാനായില്ല. അഞ്ചിന് 50ലേക്ക് തകർന്നു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന അൻമോൽപ്രീത് സിങ്ങും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് പഞ്ചാബിന് പ്രതീക്ഷ നൽകിയതാണ്. ഇരുവരും ചേർന്ന് 71 റൺ കൂട്ടിച്ചേർത്തു. എന്നാൽ, 51 റണ്ണെടുത്ത പ്രഭ്സിമ്രാനെ ജലജ് മടക്കിയതോടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. ശേഷിക്കുന്ന നാല് വിക്കറ്റ് 21 റണ്ണിനിടെ നിലംപതിച്ചു.
ചെറിയലക്ഷ്യത്തിലേക്ക് കേരളം ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ഏകദിന ശൈലിയിലായിരുന്നു മറുപടി. രോഹൻ കുന്നുമ്മലിന്റെ അതിവേഗ ഇന്നിങ്സ് തുടക്കത്തിൽത്തന്നെ മുൻതൂക്കം നൽകി. 36 പന്തിൽ 48 റണ്ണുമായി രോഹൻ മടങ്ങിയെങ്കിലും നായകൻ സച്ചിൻ ബേബിയും (56) തുടർന്നെത്തിയ അപരാജിതും മുന്നോട്ടുനയിച്ചു. അപരാജിത് 39 റണ്ണുമായി പുറത്താകാതെനിന്നു. ഏഴ് റണ്ണെടുത്ത സൽമാൻ നിസാറായിരുന്നു കൂട്ട്.
18ന് ബംഗളൂരുവിൽ കർണാടകവുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..