തിരുവനന്തപുരം
ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂൾ കായികമേളയിലെ ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്‌ക്കാണ് ട്രോഫി സമ്മാനിക്കുക.
ഇതാദ്യമായാണ് ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫി മേളയിൽ നൽകുന്നത്. തിരുവനന്തപുരം സ്വദേശി വിവേകാണ് രൂപകൽപ്പന ചെയ്‌തത്. തിരുവനന്തപുരത്തുനിന്ന് ജാഥയായാണ് കൊച്ചിയിലേക്ക് ട്രോഫി എത്തിക്കുക. കൂടാതെ ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവുമായുള്ള ജാഥ കാസർകോട്ടുനിന്ന് കൊച്ചിയിൽ എത്തിച്ചേരും.
എറണാകുളത്ത് 17 സ്റ്റേഡിയങ്ങളിലായി 24,000 ത്തോളം കായികതാരങ്ങൾ മത്സരിക്കുന്ന മേള നവംബർ നാലുമുതൽ 11 വരെയാണ് നടക്കുന്നത്. നാലിന് വൈകിട്ട് അഞ്ചിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ചുള്ള വർണാഭമായ സ്പോർട്സ് ആൻഡ് കൾച്ചറൽ ഇവന്റ് ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ 11ന് വൈകിട്ട് നാലിന് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..