കൊച്ചി
ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ കായികമേളയിൽ ഇക്കുറി 30 ഇനങ്ങൾ എറണാകുളത്തെ 17 വേദികളിൽ നടക്കും. നവംബർ നാലുമുതൽ 11 വരെയാണ് മേള. ഓവറോൾ ജേതാക്കളാകുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി ലഭിക്കും. അത്‌ലറ്റിക്‌സ് നവംബർ ഏഴുമുതൽ 11 വരെ മഹാരാജാസ് കോളേജ് മൈതാനത്തെ സിന്തറ്റിക് ട്രാക്കിലാണ്. അണ്ടർ 14, 17, 19 വിഭാഗങ്ങളിലാണ് മത്സരം.
കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ നവംബർ നാലിനാണ് ഉദ്‌ഘാടനം. അന്ന് മത്സരങ്ങളില്ല. ദേശീയ ചാമ്പ്യൻഷിപ് നേരത്തേ നടന്നതിനാൽ ചില ഗെയിംസ് ഇനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഫുട്‌ബോളിൽ അണ്ടർ 19 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരം. പനമ്പിള്ളി നഗർ ജിഎച്ച്‌എസ്‌എസ് മൈതാനമാണ് വേദി. നവംബർ അഞ്ചിന് ടെന്നീസ്, ബാഡ്‌മിന്റൺ, ജുഡോ, ഫുട്‌ബോൾ, ത്രോബോൾ, സോഫ്‌റ്റ്‌ബോൾ, വുഷു, വോളിബോൾ, ഹാൻഡ്‌ബോൾ, ഖൊഖൊ, ബോക്‌സിങ്, പവർലിഫ്‌റ്റിങ്, ഫെൻസിങ്, ക്രിക്കറ്റ്, നീന്തൽ, വാട്ടർപോളോ എന്നീ മത്സരങ്ങൾ തുടങ്ങും. ബാസ്‌കറ്റ്‌ബോൾ തുടങ്ങുന്നത് ആറിനാണ്. തായ്‌ക്വൊണ്ടോ, കരാട്ടെ, ബോൾബാഡ്‌മിന്റൺ, നെറ്റ്‌ബോൾ, ഭാരോദ്വഹനം, ബേസ്‌ബോൾ എന്നിവ ഏഴുമുതൽ തുടങ്ങും. കമ്പവലി എട്ടിനും ഒമ്പതിനുമാണ്. സൈക്ലിങ്, ക്രോസ്‌കൺട്രി മത്സരങ്ങൾ എട്ടിന് നടക്കും. ഒമ്പതിനും പത്തിനും ടേബിൾ ടെന്നീസ്, കബഡി, ടെന്നിക്കോയ് മത്സരങ്ങളാണ്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ‘ഇൻക്ലൂസീവ് സ്‌പോർട്‌സ്’ ഇത്തവണത്തെ സവിശേഷതയാണ്. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, ബാഡ്‌മിന്റൺ എന്നിവയാണ് ഈ വിഭാഗം കുട്ടികൾക്കുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..