കൊച്ചി
കേരള സ്‌കൂൾ കായികമേളയിൽ ഇത്തവണ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള മത്സരങ്ങളും ഉണ്ടാകും. ചരിത്രത്തിലാദ്യമായാണ് ‘ഇൻക്ലൂസീവ് സ്‌പോർട്‌സ്’ കായികമേളയ്‌ക്കൊപ്പം നടത്തുന്നത്. 1850 കുട്ടികൾ പങ്കെടുക്കും. ഇവർക്കായി അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, ബാഡ്‌മിന്റൺ എന്നിവയാണുള്ളത്. നവംബർ അഞ്ചിനാണ് മത്സരങ്ങൾ.
സംസ്ഥാന കായികമേളയ്‌ക്കെത്തുന്ന കുട്ടികൾക്കൊപ്പം സവിശേഷ പരിഗണന അർഹിക്കുന്നവരെയും പങ്കെടുപ്പിക്കുന്നത് അവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സ്‌പോർട്‌സ് ഓർഗനൈസർ സി എസ് പ്രദീപ് പറഞ്ഞു. വിവിധ പരിമിതികളുള്ള ഒരുലക്ഷത്തോളം കുട്ടികൾ ജനറൽ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. കാഴ്‌ച പരിമിതി, സംസാരിക്കാൻ ബുദ്ധിമുട്ട്, ചലനശേഷിയിലെ കുറവ്, ഓട്ടിസം എന്നിവയടക്കം 23 വിഭാഗം കുട്ടികൾ സവിശേഷ പരിഗണന അർഹിക്കുന്നുണ്ട്. അവരെയും ഉൾക്കൊണ്ട ഒരു കായികമേള രാജ്യത്ത് ആദ്യമായിരിക്കും.
മത്സരവും സമ്മാനവും എന്നതിനപ്പുറം ഈ വിഭാഗം കുട്ടികളുടെ പങ്കാളിത്തമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്ന ‘സവിശേഷ അത്‌ലീറ്റുകൾ’ക്ക് മറ്റു കുട്ടികളുടെ സഹായമുണ്ടാകും. ഓട്ടമത്സരം പൂർത്തിയാക്കാനും ഫുട്‌ബോളും ഹാൻഡ്‌ബോളും കളിക്കാനും ജനറൽ വിഭാഗത്തിലെ കുട്ടികൾ ഒപ്പമുണ്ടാകും. ജില്ലാ അടിസ്ഥാനത്തിലായിരിക്കും ടീമിന്റെ പങ്കാളിത്തം.
നവംബർ അഞ്ചിന് കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിലാണ് ബാഡ്‌മിന്റൺ മത്സരം. അന്നേദിവസംതന്നെ അത്‌ലറ്റിക്‌സും ഫുട്‌ബോളും മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കും. ഹാൻഡ്‌ബോൾ തേവര എസ്‌എച്ച് കോളേജിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..