27 December Friday
പി ആർ ശ്രീജേഷ്‌ 
ദീപം കൊളുത്തും , മത്സരങ്ങൾ 
ചൊവ്വാഴ്‌ചമുതൽ

17 വേദികൾ, 
കാൽലക്ഷം കുട്ടികൾ ; കളിത്തട്ടൊരുങ്ങി , തുടങ്ങാം

എസ് ശ്രീലക്ഷ്‌മിUpdated: Sunday Nov 3, 2024

സംസ്ഥാന സ്--കൂൾ കായികമേള ഉദ്‌ഘാടനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരികപരിപാടിയുടെ റിഹേഴ്‌സൽ എറണാകുളം മഹാരാജാസ് കോളേജ് മെെതാനത്ത് നടന്നപ്പോൾ


കൊച്ചി > ചരിത്രമാകാൻ ഒരുങ്ങുകയാണ്‌ സംസ്ഥാന സ്‌കൂൾ കായികമേള. നാലുമുതൽ 11 വരെ ഒളിമ്പിക്‌സ്‌ മാതൃകയിൽ ആദ്യമായി നടത്തുന്ന മേളയുടെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്‌. മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തിയാണ്‌ കാര്യങ്ങൾ വിലയിരുത്തുന്നത്‌. ഉദ്‌ഘാടനത്തിന്റെ ഭാഗമായി നാലായിരത്തിലധികം കുട്ടികൾ അവതരിപ്പിക്കുന്ന സാംസ്‌കാരികപരിപാടിയുടെ റിഹേഴ്‌സൽ മുഖ്യവേദിയായ എറണാകുളം മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ നടന്നു.

കാൽലക്ഷത്തോളം കുട്ടികൾ 17 വേദികളിലായി 1460 കായിക ഇനങ്ങളിൽ മാറ്റുരയ്‌ക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ സംസ്ഥാന കായികമേളയും ആദ്യമായി ഇതോടൊപ്പം നടക്കുന്നുണ്ട്‌. 1562 കുട്ടികളാണ്‌ പങ്കെടുക്കുന്നത്‌. ഗൾഫ്‌നാടുകളിലെ സ്‌കൂളുകളിൽനിന്നുള്ള കുട്ടികളും മത്സരിക്കാനെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്‌. 50 കുട്ടികളാണ്‌ എത്തുന്നത്‌.

എറണാകുളം മഹാരാജാസ്‌ കോളേജ്‌ മൈതാനത്താണ്‌ അത്‌ലറ്റിക്‌സ്‌. തിങ്കൾ രാവിലെ ദീപശിഖാറാലി എത്തും. വൈകിട്ട്‌ നാലിന്‌ വർണാഭമായ ഉദ്‌ഘാടനച്ചടങ്ങ്‌ ആരംഭിക്കും. 14 ജില്ലകളിൽനിന്നുള്ള 3500 കുട്ടികൾ പങ്കെടുക്കുന്ന മാർച്ച്‌പാസ്‌റ്റും -ദീപശിഖാറാലിയും മേളയുടെ പ്രൗഢി വിളിച്ചോതും. 32 സ്കൂളുകളിൽനിന്നായി 4000 കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയാണ്‌ മുഖ്യ ആകർഷണം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  ഉദ്‌ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. സാംസ്‌കാരികസമ്മേളനം നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യും. 11ന്‌ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

വെള്ളിയാഴ്‌ച കാസർകോട്‌ ഹോസ്‌ദുർഗ്‌ ഗവ. എച്ച്‌എസ്‌എസിൽനിന്ന്‌ ആരംഭിച്ച ദീപശിഖാപ്രയാണവും തിരുവനന്തപുരം ഗവ. മോഡൽ എച്ച്‌എസ്‌എസിൽനിന്ന്‌ പര്യടനം ആരംഭിച്ച എവർറോളിങ് ട്രോഫിയുമായുള്ള ഘോഷയാത്രയും തിങ്കൾ രാവിലെ കൊച്ചിയിലെത്തും. മേളയുടെ പ്രചാരണാർഥം ഭാഗ്യചിഹ്നമായ "തക്കുടു'വിന്റെ പര്യടനം എറണാകുളത്ത്‌ നടക്കുകയാണ്‌. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി സമ്മാനിക്കും.

വിജയികൾക്ക്‌ ഒലിവ്‌ കിരീടം
സംസ്ഥാന സ്‌കൂൾ കായികമേളയിലെ വിജയികൾക്ക്‌ ഇക്കുറി ഒലിവ് ഇലയുടെ മാതൃകയിലുള്ള കിരീടവും അണിയിക്കും. മെഡലിനൊപ്പം സമ്മാനത്തുകയുമുണ്ട്‌. അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക്‌ യഥാക്രമം 2000, 1500, 1250 രൂപയാണ്‌ സമ്മാനം. ഗെയിംസ്‌ വിജയികൾക്ക്‌ 750, 500, 300 രൂപ എന്നിങ്ങനെയാണ്‌ സമ്മാനത്തുക.

മത്സരഫലം കൈറ്റ് 
പോർട്ടലിൽ
സംസ്ഥാന സ്കൂൾ കായികമേളയുടെ മുഴുവൻ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിന്‌ ഓൺലൈൻ സംവിധാനം സജ്ജമാക്കി കൈറ്റ്. എല്ലാ മത്സരവേദികളിലെയും തത്സമയഫലങ്ങളും മത്സരപുരോഗതിയും മീറ്റ് റെക്കോഡുകളും www.sports.kite.kerala.gov.in എന്ന പോർട്ടലിലൂടെ ലഭിക്കും. ഫലങ്ങൾ ജില്ല, സ്കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും ലഭ്യമാക്കും.ഓരോ കുട്ടിയുടെയും ഉപജില്ലാതലംമുതൽ ദേശീയതലംവരെയുള്ള പ്രകടനവിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ്‌യുഐഡി-യും (സ്കൂൾ സ്പോർട്സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) നിലവിലുണ്ട്. സംസ്ഥാനതലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനായി ഈ വർഷം പ്രത്യേകം മൊബൈൽ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.


വിക്ടേഴ്സിൽ തത്സമയം
കൈറ്റ് വിക്ടേഴ്സ് ചാനൽവഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്ഫോമുകൾവഴിയും കായികമേള തത്സമയം കാണാം. മത്സരഫലങ്ങൾ, വിജയികളുടെ വിവരങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവയും സംപ്രേഷണം ചെയ്യും. രാവിലെ ആറുമുതൽ പകൽ 12 വരെയും പകൽ രണ്ടുമുതൽ മത്സരം അവസാനിക്കുന്നതുവരെയും സംപ്രേഷണം ഉണ്ടാകും.  www.victers.kite.kerala.gov.in, KITE VICTERS  മൊബൈൽ ആപ് എന്നിവവഴിയും youtube.com/itsvicters യൂട്യൂബ് ചാനലിലൂടെയും തത്സമയം കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top