22 December Sunday

മുത്തേ പൊന്നേ തിളങ്ങട്ടെ

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Wednesday Nov 6, 2024


കൊച്ചി
പരിമിതികളും പ്രതിബന്ധങ്ങളും അവരുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ തോറ്റുപോയി. സൗഹൃദത്തിന്റെ നൂലിഴയിൽ കരങ്ങൾ കോർത്ത്‌ അവരോടി. ഒത്തിണക്കത്തിന്റെ കരുത്തിൽ ഗോളടിച്ചു. ഒറ്റക്കൈകൊണ്ട്‌ ഹാൻഡ്‌ബോളും ബാഡ്‌മിന്റണും കളിച്ചു. സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്കൊപ്പം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള മത്സരങ്ങൾ അരങ്ങേറി. ആറരപ്പതിറ്റാണ്ട്‌ പിന്നിട്ട കായികമേളയുടെ  ചരിത്രത്തിലാദ്യമാണിത്‌. 

എറണാകുളത്തെ മൂന്ന്‌ വേദികളിൽ ഏഴ്‌ ഇനങ്ങളിലായിരുന്നു മത്സരം. 100 മീറ്റർ ഓട്ടം, സ്റ്റാൻഡിങ്‌ ത്രോ, സ്റ്റാൻഡിങ് ജമ്പ്‌, 4 x 100 മിക്‌സഡ്‌ റിലേ, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, മിക്‌സഡ്‌ ഡബിൾസ്‌ ബാഡ്‌മിന്റൺ ഇനങ്ങളിൽ സവിശേഷ പരിഗണന അർഹിക്കുന്ന  1461  താരങ്ങളാണ്‌ അണിനിരന്നത്‌. കുട്ടികൾക്ക്‌ പ്രചോദനവും ആത്മവിശ്വാസവും നൽകി കൈപിടിച്ചുയർത്താനുള്ള സർക്കാരിന്റെ ശ്രമഫലമായിരുന്നു ‘ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ ’ ഇനങ്ങളുടെ മത്സരം.

കായികമേളയിൽ ഗെയിംസ്‌ മത്സരങ്ങൾ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കുതിപ്പ്‌ തുടങ്ങി. ഗെയിംസ്‌ മത്സരങ്ങൾ പകുതി പൂർത്തിയായപ്പോൾ തിരുവനന്തപുരം (701) ബഹുദൂരം മുന്നിലാണ്‌. തൃശൂരാണ്‌ രണ്ടാമത്‌ (378).നീന്തലിലും തലസ്ഥാന ജില്ല തന്നെ ഒന്നാമത്‌. 17 സ്വർണമടക്കം 138 പോയിന്റ്‌. എറണാകുളം 41 പോയിന്റുമായി രണ്ടാമതാണ്‌.  ആദ്യ ദിവസം ഏഴ്‌ റെക്കോഡുകൾ പിറന്നു. അത്‌ലറ്റിക്‌സ്‌ വ്യാഴാഴ്‌ച തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top