കൊച്ചി
അർബുദം പൊള്ളിച്ചപ്പോഴും മക്കൾക്ക് കരുതലായിനിന്ന അമ്മയ്‌ക്ക് മകന്റെ സ്വർണസമ്മാനം. ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ നാലു മീറ്റർ ചാടി ഒന്നാമതെത്തിയ മിലൻ സാബു പതക്കം അമ്മയ്‌ക്ക് സമർപ്പിക്കുകയാണ്. 11 വർഷംമുമ്പ് വാഹനാപകടത്തിൽ അച്ഛൻ സാബു മരിച്ചശേഷം മക്കളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് അമ്മ ഷീജയാണ്.
കോട്ടയം പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മകന്റെ സ്വർണച്ചാട്ടം കാണാൻ അമ്മയും മഹാരാജാസ് കോളേജ് മൈതാനത്തുണ്ടായിരുന്നു. സ്‌തനാർബുദത്തെ തുടർന്ന് ശസ്‌ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ എന്നിവയ്‌ക്കെല്ലാം വിധേയയായി. മക്കളായ മെൽബയെയും മെൽബിനെയും മിലനെയും വളർത്തിയത് വീട്ടുജോലി ചെയ്‌താണ്. അമ്മയ്‌ക്ക് ആത്മവിശ്വാസം പകർന്ന മക്കൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒഴിവുദിവസങ്ങളിൽ പെട്രോൾ പമ്പിലെ ജീവനക്കാരായി.
പവർലിഫ്‌റ്റിങ്, വെയ്‌റ്റ് ലിഫ്‌റ്റിങ് താരമായിരുന്ന ഷീജ എല്ലാ വെല്ലുവിളിയും അതിജീവിച്ച് മിലനെയും മെൽബിയെയും കളിക്കളത്തിൽ എത്തിച്ചു. മെൽബ സംസ്ഥാന സ്‌കൂൾ കായികമേളയിൽ പോൾവോൾട്ടിൽ രണ്ടുതവണ വെള്ളി നേടിയിട്ടുണ്ട്. ഏറ്റുമാനൂർ വെട്ടിമുകളാണ് സ്വദേശം. പാലാ ജമ്പ്‌സ് അക്കാദമിയിലെ കെ പി സതീഷ്‌കുമാറാണ് പരിശീലകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..