കൊച്ചി> ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ സ്വർണം നേടിയ എ കാർത്തിക് കൃഷ്-ണയ്-ക്ക് ഡിസ്‌കസ് ത്രോ യോഗ്യതാ റൗണ്ട് മത്സരത്തിനിടെ തോളിന് പരിക്കേറ്റു. തിരുവനന്തപുരം വിതുര ജിവിഎച്ച്എസ്എസിലെ വിദ്യാർഥിയായ കാർത്തിക് 14.17 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. ഷോട്ട്പുട്ട് കഴിഞ്ഞ് ഡിസ്‌കസ് ത്രോ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നതിനിടെ തോളിന് പരിക്കേൽക്കുകയായിരുന്നു.
ഗ്രൗണ്ടിലെ ആയുർവേദ ചികിത്സാസംഘം നടത്തിയ പരിശോധനയിൽ തോളിന് ചതവുണ്ടെന്നും വിശ്രമം വേണമെന്നും നിർദേശിച്ചു. വേദനയോടെ ഗ്രൗണ്ട് വിട്ട കാർത്തിക്കിനെ ആശ്വസിപ്പിച്ച കുടുംബം അപ്പോൾത്തന്നെ കാറിൽ നാട്ടിലേക്ക് മടങ്ങി. ദേശീയ സ്‌കൂൾ മീറ്റിനുമുമ്പ് മത്സരസജ്ജമാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ സ്‌പോർട്‌സ് മെഡിസിനുകീഴിൽ വിദഗ്‌ധ ചികിത്സ ഉറപ്പാക്കും. ബി സത്യനാണ് പരിശീലകൻ. വിതുര മരുതുംമൂട് മൊട്ടമൂട് തിരുവമ്പാടി കെ എസ് അനീഷിന്റെയും എം ആർ അശ്വതിയുടെയും മകനാണ്. സഹോദരൻ ഹൃത്വിക്കും മത്സരിക്കാൻ എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..