കൊച്ചി> സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയകൃഷ്‌ണ പുതിയ സമയം കണ്ടെത്തി–- 13.97 സെക്കൻഡ്. 2018ൽ പാലക്കാട് ബിഇഎം എച്ച്‌എസ്‌എസിലെ ആർ കെ സൂര്യജിത്ത് സ്ഥാപിച്ച റെക്കോഡ് (14.08) മാഞ്ഞു. മംഗളൂരു ആൽവാസ് കോളേജിലെ അജിത്‌കുമാറാണ് പരിശീലനം. വെള്ളി നേടിയ പാലക്കാട് വടവന്നൂർ എച്ച്‌എസ്‌എസിലെ എസ് ഷാഹുലും (14.00) നിലവിലുള്ള മീറ്റ് റെക്കോഡ് മറികടന്നു. കോഴിക്കോട് ദേവഗിരി സേവ്യോ എച്ച്‌എസ്‌എസിലെ പി അമർജിത്ത് വെങ്കലം നേടി.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മലപ്പുറം 1–-2–-3 ഫിനിഷ് നടത്തി. തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ ആദിത്യ അജി 14.21 സെക്കൻഡിൽ ഒന്നാമതെത്തി. കടകശേരി ഐഡിയൽ സ്‌കൂളിലെ എയ്‌ഞ്ചൽ ജയിംസ് വെള്ളിയും എൻ ആർ പാർവതി വെങ്കലവും നേടി.
ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാട് വടവന്നൂർ വിഎംഎച്ച്‌എസിലെ എസ് അഭയ്‌ശിവേദ് (14.54) സ്വർണം നേടി. നാവാമുകുന്ദ എച്ച്‌എസ്‌എസിലെ സി കെ ഫസലുൽ ഹഖ് വെള്ളിയും പ്രേം വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പാലക്കാട് വടവന്നൂർ വിഎംഎച്ച്‌എസിലെ എൻ എസ് വിഷ്‌ണുശ്രീ (14.93) ഒന്നാമതായി. ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്‌എസ്‌എസിലെ അനാമിക അജീഷ് രണ്ടാമതും തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിലെ വി എം അശ്വതി മൂന്നാമതുമെത്തി.
സബ്‌ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ നാവാമുകുന്ദ സ്‌കൂളിലെ സായിവേൽ ബാദുഷ (12.26) ഒന്നാമനായി. ജി വി രാജ സ്‌കൂളിലെ എ വിഘ്‌നേഷ് രണ്ടാമതും വയനാട് കാട്ടിക്കുളം ജിഎച്ച്‌എസ്‌എസിലെ ആർ നിധീഷ് മൂന്നാമതുമായി.
സബ്ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ പാലക്കാട് മുണ്ടൂർ എച്ച്‌എസിലെ എം റൈഹാന സ്വർണം നേടി (13.07). ഡിവൈഎഫ്‌ഐ മുണ്ടൂർ നമ്പുള്ളിപ്പുര കുളമുള്ളി യൂണിറ്റ് സമ്മാനിച്ച പുതിയ സ്‌പൈക്ക് അണിഞ്ഞായിരുന്നു നേട്ടം. പറളി എച്ച്‌എസിലെ സി കെ സ്വാതി കൃഷ്‌ണൻ വെള്ളിയും മലപ്പുറം മൂർക്കനാട് എസ്‌എസ്‌എച്ച്‌എസ്‌എസിലെ റിദ ജാസ്‌മിൻ വെങ്കലവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..