22 December Sunday

ചുള്ളിക്കോട്- തേഞ്ഞിപ്പാലം സര്‍വീസ്; പേര് പൊന്ന്

ഡി കെ അഭിജിത്‌Updated: Sunday Nov 10, 2024

ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ മലപ്പുറം പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസിലെ കെ മുസ്--താഖ് സ്വർണം നേടുന്നു / ഫോട്ടോ: സുനോജ് നെെനാൻ മാത്യു

കൊച്ചി> "ഈ മാഷും കുട്ടിയുംകൂടി ബൈക്ക്‌ റേസിങ്ങിലാ സമ്മാനം വാങ്ങാൻ പോണത്‌...?' റിഷാദ്‌ മാഷിന്റെയും മുസ്‌താഖിന്റെയും മുടങ്ങാതെയുള്ള യാത്രകണ്ട്‌ തമാശയ്‌ക്ക്‌ ഇങ്ങനെ ചോദിച്ചവരുണ്ട്‌. അടുത്ത യാത്രയിൽ അവരുടെ മോട്ടോർ സൈക്കിളിന്‌ മുന്നിൽ കഠിനാധ്വാനത്തിന്റെ പ്രഭയുള്ള ഒരു പൊൻവിളക്കുണ്ടാകും. ജൂനിയർ ആൺകുട്ടികളുടെ ലോങ്‌ ജമ്പിലാണ്‌ മലപ്പുറം പൂക്കൊളത്തൂർ സിഎച്ച്‌എംഎച്ച്‌എസ്‌എസിലെ പ്ലസ്‌ വൺ വിദ്യാർഥിയായ കെ മുസ്‌താഖ്‌ സ്വർണമെഡൽ നേടിയത്‌. കരിയറിലെ മികച്ച ദൂരം (6.73 മീറ്റർ) ചാടിയാണ്‌ നേട്ടം. സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്--കസ് ത്രോയിൽ സ്വർണം നേടിയ കെ അമയയും ഇതേ സ്--കൂളിൽ റിഷാദിന്റെ ശിഷ്യയാണ്.

ഒരുവർഷമായി റിഷാദ്‌ മാഷും മുസ്‌താഖും മികച്ച പരിശീലനത്തിനായി വൈകുന്നേരങ്ങളിൽ കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിലേക്കുള്ള ബൈക്ക്‌ യാത്ര തുടങ്ങിയിട്ട്‌. ചുള്ളിക്കോട്‌ നിന്ന്‌ മാഷ്‌ പുൽപ്പറ്റയിലെ മുസ്‌താഖിന്റെ വീട്ടിലെത്തും, അവിടെനിന്ന്‌ സർവകലാശാലാ സ്‌റ്റേഡിയത്തിലേക്ക്‌. 40 കിലോമീറ്ററോളം യാത്ര. നാട്ടിൽ സൗകര്യമുള്ള പരിശീലനസ്ഥലം ലഭിക്കാത്തതുകൊണ്ടാണ്‌ ദൂരെ പോകേണ്ടിവന്നത്‌. ലോറി ഡ്രൈവറായ മുഹമ്മദ്‌ മുസ്‌തഫയുടെയും റസീനയുടേയും മകനാണ്‌ മുസ്‌താഖ്‌. ആലപ്പുഴ കലവൂർ ജിഎച്ച്‌എസിഎസിലെ അഭിനവ്‌ ശ്രീറാമിനാണ്‌ വെള്ളി.

സീനിയർ ആൺകുട്ടികളുടെ ലോങ്‌ ജമ്പിൽ മലപ്പുറത്തിന്റെ തന്നെ ടി അഞ്ചൽദീപ്‌ സ്വർണം നേടി. 7.01 മീറ്ററാണ്‌ ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ കടകശേരിയിലെ പ്ലസ്‌ ടു വിദ്യാർഥിയായ അഞ്ചൽ ചാടിയത്‌. മീറ്റിലെ രണ്ടാം മെഡലാണ്‌. പോൾവോൾട്ടിൽ വെങ്കലമുണ്ട്‌. കോഴിക്കോട്‌ ചേളന്നൂർ തിരുത്തിയിൽ രൺദീപിന്റെയും ഷൈനിമയുടെയും മകനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top