കൊച്ചി> സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന്റെ പെരുമ്പറ. എറണാകുളത്തിന്റെയും പാലക്കാടിന്റെയും കോട്ടകൾ തകർത്തെറിഞ്ഞ് കൊച്ചിയിലെ സിന്തറ്റിക് ട്രാക്കിൽ മലപ്പുറം പുതുചരിത്രമെഴുതുകയാണ്. മൂന്നാംദിനം പൂർത്തിയായപ്പോൾ 15 സ്വർണവും 12 വീതം വെള്ളിയും 13 വെങ്കലവുമായി 124 പോയിന്റ് തികച്ചു. രണ്ടുദിനംശേഷിക്കെ നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനേക്കാൾ 48 പോയിന്റ് മുന്നിൽ. പാലക്കാടിന് പത്ത് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി 76 പോയിന്റ്. എറണാകുളം നാല് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമായി മൂന്നാമതാണ്. 41 പോയിന്റ്.
മൂന്നാംദിനം രണ്ട് ഇനങ്ങളിൽ മലപ്പുറം തൂത്തുവാരി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും സബ്‌ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. ഐഡിയൽ കടകശേരി സ്‌കൂളിന്റെ കുതിപ്പാണ് മലപ്പുറത്തിന് ഊർജം നൽകിയത്. 44 പോയിന്റുമായി സ്‌കൂളുകളിൽ ഒന്നാമതാണ് ഐഡിയൽ.
പത്തുവർഷംമുമ്പ് 43 പോയിന്റുമായി ഏഴാംസ്ഥാനത്തായിരുന്നു മലപ്പുറം. ശേഷിക്കുന്ന രണ്ടുദിനങ്ങളിൽ ട്രാക്കിലും പിറ്റിലുമായി 48 ഇനങ്ങളാണ് ശേഷിക്കുന്നത്. മൂന്നാംദിനം ഒരു റെക്കോഡ് പിറന്നു. സീനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിലെ വിജയ്‌കൃഷ്‌ണ മീറ്റ് റെക്കോഡിട്ടു. ഓവറോൾ ജേതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി തിരുവനന്തപുരം ഉറപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..