കൊച്ചി
ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന ആദ്യ കേരള സ്‌കൂൾ കായികമേളയുടെ ഓവറോൾ കിരീടം തിരുവനന്തപുരം നേടുന്നത് എതിരാളികളെ ബഹുദൂരം പിന്തള്ളി. രണ്ടാംസ്ഥാനക്കാരേക്കാൾ 1087 പോയിന്റാണ് വ്യത്യാസം. തലസ്ഥാനജില്ല 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവുമടക്കം 1935 പോയിന്റ് നേടിയാണ് ഇക്കുറി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി സ്വന്തമാക്കിയത്. രണ്ടാമതെത്തിയ തൃശൂരിന് 848 പോയിന്റാണുള്ളത്. മലപ്പുറത്തിന് 824. നീന്തൽ ഉൾപ്പെട്ട അക്വാട്ടിക്‌സിൽ 74 സ്വർണവും 56 വെള്ളിയും 70 വെങ്കലവുമടക്കം 654 പോയിന്റുമായാണ് ഒന്നാംസ്ഥാനം. തുണ്ടത്തിൽ എംവി എച്ച്‌എസ്‌എസ് 146 പോയിന്റും പിരപ്പൻകോട് ഗവ. വിഎച്ച്‌എസ്‌എസ് 63 പോയിന്റും ജില്ലയ്‌ക്ക് നേടിക്കൊടുത്തു. വെഞ്ഞാറമൂട് ഗവ. എച്ച്‌എസ്‌എസ് (46), കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്‌എസ്‌എസ് (33) എന്നിവരും നീന്തൽക്കുളത്തിലെ മുന്നേറ്റത്തിന് സഹായിച്ചു.
വിവിധ ഗെയിംസ് ഇനങ്ങളിൽ 144 സ്വർണമാണ് വാരിയത്. 88 വെള്ളിയും 100 വെങ്കലവുമടക്കം 1213 പോയിന്റുമായി ഗെയിംസ് ചാമ്പ്യൻമാരായി. ജി വി രാജ നേടിയ 213 പോയിന്റാണ് മുന്നേറ്റത്തിന് അടിസ്ഥാനം. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ് (78), കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്‌എസ്‌എസ് (53), വട്ടിയൂർക്കാവ് ഗവ. വി ആൻഡ് എച്ച്‌എസ്‌എസ് (52) ടീമുകൾ ഗെയിംസിൽ സമഗ്രാധിപത്യം നേടാൻ കരുത്തായി.
അത്‌ലറ്റിക്‌സിൽ 68 പോയിന്റുമായി അഞ്ചാംസ്ഥാനത്തെത്തി. ഒമ്പത് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും. അതിൽ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിന്റെ തിരിച്ചുവരവാണ് പ്രധാനം. എട്ട് സ്വർണമടക്കം 55 പോയിന്റുമായി മികച്ച സ്‌കൂളുകളുടെ പട്ടികയിൽ രണ്ടാമതെത്തി. അടുത്തവർഷം തിരുവനന്തപുരമാണ് ആതിഥേയർ. സ്വന്തം തട്ടകത്തിൽ സമഗ്രാധിപത്യം നേടാനായിരിക്കും തലസ്ഥാനജില്ല ശ്രമിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..