23 December Monday
നവംബർ 4 മുതൽ 11 വരെ

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ, മത്സരത്തിനെത്തുക 24000 കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കൊച്ചി > നവംബർ നാലിന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. നവംബർ 4 മുതൽ 11 വരെയാണ് മേള അരങ്ങേറുക. 17 വേദികളിലായി 24,000ത്തോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഉദ്ഘാടന പരിപാടിയിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന വർണ്ണാഭമായ മാർച്ച് ആകർഷണമാവും . ഒളിമ്പിക്സ് മെഡൽ ജേതാവും പ്രശസ്ത ഹോക്കി താരവുമായ പി.ആർ.ശ്രീജേഷാണ് മേളയുടെ ബ്രാൻഡ് അംബാസിഡർ.

നവംബർ 4ന് വൈകുന്നേരം 5 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് തുടർച്ചയായി സ്പോർട്സ് ആൻഡ് കൾച്ചറൽ ഇവന്റ് ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഏഴ് ദിവസം പകലും രാത്രിയിലുമായി പതിനായിരത്തോളം മത്സരങ്ങളാണ് അരങ്ങേറുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൌമാര കായിക മേളയായി ഇത് മാറും.

സ്വർണ്ണത്തിളക്കവുമായി സ്വന്തമാക്കാൻ ചീഫ് മിനിസ്റ്റേഴ്സ് റോളിങ് ട്രോഫി

സംസ്ഥാന സ്കൂൾ കായികമേളയിൽ ഈ വർഷം മുതൽ ജേതാക്കൾക്ക് ചീഫ് മിനിസ്റ്റേഴ്‌സ് എവർ റോളിംഗ് ട്രോഫി നൽകും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കാണ് ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിംഗ് ട്രോഫി ലഭിക്കുക. കഴിഞ്ഞ ദിവസം  മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ട്രോഫി കൈമാറി. സമാപന സമ്മേളനം നവംബര്‍ 11ന് വൈകിട്ട് മഹാരാജാസ് കോളേജ് മൈതാനിയിലാണ്. അന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി ജേതാക്കൾക്ക് സമ്മാനിക്കും.

പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിപുലമായ പന്തലിന്റെ നിർമാണം പുരേഗമിക്കയാണ്. ആയിരം കുട്ടികൾക്ക് ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഇവിടെ ഒരുങ്ങുന്നത്. ഉമാ തോമസ് എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. മത്‌സരങ്ങൾ അരങ്ങേരുന്ന 17 വേദികളുമായി ബന്ധിപ്പിച്ച് പ്രത്യേക നെറ്റ് വർക്ക് സംവിധാനം ഒരുക്കും.

വേർതിരിവുകൾ ഇല്ലാതെ, ഒരുമിച്ചൊന്നായ് അവരും


 ഭിന്നശേഷി കുട്ടികള്‍ കായികമേളയിൽ എല്ലാവർക്കുമൊപ്പം തന്നെ മത്സരത്തിന് ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ടായിരത്തോളം  കുട്ടികളിൽ ഈ വിഭാഗത്തിൽ പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഭിന്നശേഷി കുട്ടികൾക്കും കായിക മേളയിൽ ഒരുമിച്ച് മത്സര അവസരം ഒരുക്കുന്നത്. ഇതുവരെ സ്‌പെഷ്യല്‍ സ്‌കൂള്‍ മീറ്റായിട്ടായിരുന്നു ഭിന്നശേഷി വിദ്യാർഥികളുടെ കായിക മത്സരം നടത്തിയിരുന്നത്.

കായികമേളയുടെ പ്രചാരണം അറിയിച്ചുള്ള വിളംബര ജാഥകള്‍ കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട് മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും. തിരുവനന്തപുരത്തുനിന്ന് ജാഥയായാണ് മേള നടക്കുന്ന കൊച്ചിയിലേക്ക് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി എത്തിക്കുന്നത്. അതേസമയത്ത് തന്നെ കാസർകോട് നിന്നും ദീപശിഖയുമേന്തിയുള്ള യാത്ര ഭാഗ്യചിഹ്നം തക്കുടുവുമായി കൊച്ചിയിൽ എത്തിച്ചേരും.

ഹോക്കി, ഷൂട്ടിങ്, ചെസ് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ദേശീയ മത്സരങ്ങളിൽ ഈ ഇനത്തിലെ വിദ്യാർഥികൾക്ക് അവസരം നഷ്ടമാവാതിരിക്കാൻ നേരത്തെ തന്നെ നടത്തുകയായിരുന്നു. ഇവ ചിട്ടയോടെ തന്നെ പൂർത്തിയാക്കി. ജി.വി.മാവ്‌ലങ്കർ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ് നവംബർ 3 മുതൽ 9 വരെയും ദേശീയ സബ് ജൂനിയർ ഓപ്പൺ, സബ് ജൂനിയർ ഗേൾസ് ചെസ് ചാംപ്യൻഷിപ്പുകൾ 3 മുതൽ 11വരെയുമാണ് നടക്കുന്നത്.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top