കോഴിക്കോട്> ആധികാരിക പ്രകടനത്തിന്റെ സന്തോഷത്തിൽ കേരളം ഹൈദരാബാദിലേക്ക് വണ്ടികയറുന്നു. ലക്ഷദ്വീപിനുപിന്നാലെ പുതുച്ചേരിക്കെതിരെയും ഗോൾവർഷം നടത്തി സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. പുതുച്ചേരിയെ 7–-0നാണ് തോൽപ്പിച്ചത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എച്ചിൽ മൂന്നും ജയിച്ച് ചാമ്പ്യൻമാരായാണ് കുതിപ്പ്. അടിച്ചുകൂട്ടിയത് 18 ഗോൾ. ഒരെണ്ണവും വഴങ്ങിയില്ല.
പുതുച്ചേരിക്കെതിരെ നസീബ് റഹ്‌മാനും ഇ സജീഷും ഇരട്ടഗോൾ നേടി. ഗനി അഹമ്മദ് നിഗം, ക്രിസ്റ്റി ഡേവിസ്, ടി ഷിജിൻ എന്നിവരും ലക്ഷ്യംകണ്ടു.
കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാംകളിയിലും കേരളത്തിനായിരുന്നു ആധിപത്യം. 11–-ാംമിനിറ്റിൽ ഗനി പെനൽറ്റിയിലൂടെ തുടക്കമിട്ട ഗോൾവേട്ട ഇടവേളയില്ലാതെ തുടർന്നു. നാലു മിനിറ്റിനുള്ളിൽ നസീബ് ലീഡുയർത്തി. ഒറ്റയാൻ കുതിപ്പിലൂടെ ഒന്നാന്തരം ഗോൾ. ബോക്‌സിൽ ആറു പ്രതിരോധക്കാരെ വകഞ്ഞുമാറ്റിയായിരുന്നു മധ്യനിരക്കാരൻ ഷോട്ടുതിർത്തത്. അടുത്ത ഊഴം സജീഷിന്റേതായിരുന്നു. മുഹമ്മദ് മുഷറഫ് നീട്ടിയ പന്ത് ഒറ്റയടിയിൽ തീർത്തു കേരള പൊലീസുകാരൻ.
മൂന്ന് ഗോളിന്റെ ലീഡുമായി രണ്ടാംപകുതിയിലിറങ്ങിയ ആതിഥേയർ മികവ് ആവർത്തിച്ചു. നസീബും സജീഷും ഡബിൾ തികച്ചു. യോഗ്യതാ റൗണ്ടിൽ അഞ്ച് ഗോളായി സജീഷിന്. പകരക്കാരായി ഇറങ്ങിയാണ് ക്രിസ്റ്റിയും ഷിജിനും പട്ടിക തികച്ചത്.
മറ്റൊരു കളിയിൽ റെയിൽവേസ് ഒരു ഗോളിന് ലക്ഷദ്വീപിനെ തോൽപ്പിച്ചു.
ഫൈനൽ റൗണ്ട് 14
മുതൽ ഹൈദരാബാദിൽ
സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് പോരാട്ടങ്ങൾ ഡിസംബർ 14ന് ഹൈദരാബാദിൽ തുടങ്ങും. ഡിസംബർ അഞ്ചിനായിരുന്നു ആദ്യം നിശ്ചയിച്ചത്. എന്നാൽ, ടീമുകളുടെ സൗകര്യപ്രകാരം നീട്ടി. 12 ടീമുകൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് മുന്നേറും. കേരളം ഗോവ, തമിഴ്‌നാട്, ഒഡിഷ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..