28 December Saturday

മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി; സൂപ്പർ ഓവറിൽ കേരളത്തെ മറികടന്ന് ആന്ധ്ര

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയില്‍ കേരളത്തിന്‌ വേണ്ടി 85 റണ്‍സ് നേടിയ വരുണ്‍ നായനാര്‍

റാഞ്ചി > മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ആന്ധ്ര. സൂപ്പർ ഓവറിലായിരുന്നു ആന്ധ്രയുടെ വിജയം. നേരത്തെ 50 ഓവറിൽ 213 റൺസ് വീതം നേടി ഇരു ടീമുകളും സമനിലയിൽ എത്തിയതിനെ തുടർന്നായിരുന്നു മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ കേരളം ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം ആന്ധ്ര ഒരു പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൌളർമാർ മികച്ച തുടക്കമാണ് നൽകിയത്. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ ഹേമന്ത് റെഡ്ഡിയെ പുറത്താക്കി എം നിഖിലാണ് കേരളത്തിന് ആദ്യ വഴിത്തിരിവൊരുക്കിയത്. സ്കോർ 45ൽ നില്‍ക്കെ  രേവന്ത് റെഡ്ഡിയെ അഖിനും പുറത്താക്കി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ സായ് ശ്രാവൺ, തേജ, സുബ്രഹ്മണ്യം എന്നിവരെ പുറത്താക്കി അഭിജിത് പ്രവീൺ ആന്ധ്രയെ സമ്മർദ്ദത്തിലാക്കി. മധ്യനിരയിലും വാലറ്റത്തുമായി പാണ്ഡുരംഗ രാജുവും, കെ എസ് രാജുവും, എസ് ഡി എൻ വി പ്രസാദും സാകേത് റാമും നടത്തിയ ചെറുത്തുനില്പാണ്  ആന്ധ്രയുടെ സ്കോർ 213ൽ എത്തിച്ചത്.  എസ് ഡി എൻ വി പ്രസാദ് 44ഉം കെ എസ് രാജു 32ഉം പാണ്ഡുരംഗ രാജു 27ഉം സാകേത് രാം 28ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി അഭിജിത് പ്രവീൺ നാല് വിക്കറ്റും, ജെറിൻ പി എസ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള ബാറ്റർമാരിൽ വരുൺ നായനാരും ഗോവിന്ദ് ദേവ് പൈയും നിഖിലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. വരുൺ 87ഉം, ഗോവിന്ദ് 45ഉം, നിഖിൽ 27ഉം റൺസെടുത്തു. 50 ഓവറിൽ 213 റൺസിന് കേരളം ഓൾ ഔട്ടായി. തുടർന്നാണ് മത്സരം  സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയ്ക്ക് അഞ്ച് പന്തിൽ രണ്ട് സിക്സടക്കം 14 റൺസുമായി പുറത്താകാതെ നിന്ന എസ് ഡി എൻ വി പ്രസാദാണ് വിജയമൊരുക്കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top