23 December Monday

അഭിമാനമായി 7 മലയാളികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

പാരിസ്‌
ഇന്ത്യൻ ഒളിമ്പിക്‌സ്‌ ടീമിൽ ഏഴു മലയാളികളുണ്ട്‌. വനിതകൾ ആരുമില്ല. പുരുഷഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്‌. ഒളിമ്പിക്‌സോടെ കളി അവസാനിപ്പിക്കുമെന്ന്‌ എറണാകുളം കിഴക്കമ്പലം സ്വദേശിയായ മുപ്പത്താറുകാരൻ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇത്തവണ നാലാം ഒളിമ്പിക്‌സാണ്‌.
ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ എച്ച്‌ എസ്‌ പ്രണോയ്‌ മത്സരിക്കുന്നു. 2022 തോമസ്‌കപ്പ്‌ നേടിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞവർഷം ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലമുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ ആദ്യ ഒളിമ്പിക്‌സാണ്‌.

അത്‌ലറ്റിക്‌സിൽ അഞ്ചു മലയാളികളുണ്ട്‌. ട്രിപ്പിൾജമ്പിൽ അബ്‌ദുള്ള അബൂബക്കർ. കോഴിക്കോട്‌ വളയം സ്വദേശിയായ ഇരുപത്തെട്ടുകാരന്റെ ആദ്യ ഒളിമ്പിക്‌സാണ്‌.  4x400 മീറ്റർ റിലേ ടീമിലാണ്‌ വൈ മുഹമ്മദ്‌ അനസ്‌, വി മുഹമ്മദ്‌ അജ്‌മൽ, അമോജ്‌ ജേക്കബ്‌ എന്നിവർ. മിജോ ചാക്കോ കുര്യൻ പകരക്കാരനാണ്‌. കൊല്ലം നിലമേൽ സ്വദേശിയായ അനസിന്‌ മൂന്നാമത്തെ ഒളിമ്പിക്‌സാണ്‌. അജ്‌മൽ പാലക്കാട്‌ ചെർപ്പുളശേരി സ്വദേശിയാണ്‌. ഇരുപത്താറുകാരന്‌ ഇത്‌ കന്നി ഒളിമ്പിക്‌സ്‌. അമോജ്‌ ജേക്കബ്‌ ഡൽഹി മലയാളിയാണ്‌. കോട്ടയത്ത്‌ അടിവേരുള്ള ഇരുപത്താറുകാരന്റെ രണ്ടാം ഒളിമ്പിക്‌സാണ്‌. ലോക ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റെക്കോഡിട്ട ഇന്ത്യൻ ടീമിൽ മൂന്നുപേരുമുണ്ടായിരുന്നു. മിജോ ആലപ്പുഴക്കാരനാണെങ്കിലും കർണാടകത്തിനായാണ്‌ മത്സരിക്കാറ്‌.

ലോങ്ജമ്പിൽ യോഗ്യത നേടിയിരുന്ന പാലക്കാട്ടുകാരൻ എം ശ്രീശങ്കർ പരിക്കുമൂലം പിന്മാറിയിരുന്നു. നീന്തലിൽ മത്സരിക്കുന്ന പതിനാലുകാരി ധിനിധി ദേസിങ്കുവാണ്‌ ഇന്ത്യൻ ടീമിലെ പ്രായം കുറഞ്ഞ താരം. ഒമ്പതാംക്ലാസുകാരിയുടെ അമ്മ കോഴിക്കോട്‌ പുതിയങ്ങാടി സ്വദേശി ജെസിതയാണ്‌. ടോക്യോയിൽ 2020ൽ ഒമ്പതും 2016 റിയോയിൽ 16 മലയാളികളും ടീമിലുണ്ടായിരുന്നു. കഴിഞ്ഞ 32 ഒളിമ്പിക്‌സിലായി കേരളത്തിന്‌ 55 ഒളിമ്പ്യൻമാരുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top