ബാഴ്‌സലോണ > മുൻ റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്‌ലർ നവാസ് എഫ് സി ബാഴ്‌സലോണയിൽ കളിക്കാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമായിരുന്നു ബാഴ്‌സലോണയുടെ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്‌റ്റെഗെന് ഗുരുതരമായി പരിക്കേറ്റത്. എട്ട് മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഈ അവസരത്തിൽ ബാഴ്‌സലോണ പുതിയ ഗോൾ കീപ്പറെ തേടുന്ന ഘട്ടത്തിലാണ് കെയ്‌ലർ നവാസ് തന്റെ താത്‌പര്യം ക്ലബ്ബിനെ അറിയിച്ചിരിക്കുന്നത്.
ക്ലബ്ബ് ഫുട്‌ബോളിലെ ചിരവൈരികളാണ് സ്‌പെയ്‌നിലെ എഫ് സി ബാഴ്‌സലോണയും റയൽ മാഡ്രിഡും. വളരെ കുറച്ച് താരങ്ങൾ മാത്രമേ ഈ രണ്ട് ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയവരായി ഉള്ളൂ. ഈ രണ്ട് ക്ലബ്ബുകളിൽ നിന്ന് ഏതെങ്കിലും താരങ്ങൾ ടീമുകൾ പരസ്‌പരം മാറുമ്പോൾ വലിയ രീതിയിലുള്ള ചർച്ചകളുണ്ടാവുന്നതും പതിവാണ്.
2014 മുതൽ 2019 വരെയുള്ള കാലം റയൽ മാഡ്രിഡ് നിരയിലെ സജീവ സാന്നിധ്യമായിരുന്നു കെയ്‌ലർ നവാസ്. ക്ലബ്ബ് 2016, 2017, 2018 വർഷങ്ങളിൽ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ നവാസായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വല കാത്തത്. എന്നാൽ 2018 ൽ ബെൽജിയൻ ഗോൾകീപ്പർ തിബോ കുർട്ടോയിസ് റയൽ മാഡ്രിഡിലേക്കെത്തിയതോടെ നവാസിന്റെ അവസരം കുറയുകയായിരുന്നു. തുടർന്ന് പിഎസ്‌ജിയിലെത്തിയ നവാസ് ഇപ്പോൾ ഫ്രീ ഏജന്റാണ്.
സമീപകാലത്തെ ഏറ്റവും മികച്ച റയൽ മാഡ്രിഡ് ടീമിന്റെ ഭാഗമായിരുന്ന നവാസ് ബാഴ്‌സലോണയിലേക്കെത്തുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോൾ ഇരു ടീമുകളുടേയും ആരാധകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..