18 September Wednesday

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിെരെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് മൂന്നു വിക്കറ്റ് ജയം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

തിരുവനന്തപുരം > കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ  ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്  മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി. 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലം ഒരു പന്ത് ബാക്കി നിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ്‌ നേടിയത്‌.

ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ പ്രകടനമാണ്‌ കാലിക്കറ്റിന് അടിത്തറയൊരുക്കിയത്‌. ഒമര്‍ അബുബക്കര്‍–-രോഹന്‍  കുന്നുമ്മല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് കാലിക്കറ്റിന്റെ  സ്‌കോര്‍ 77 ലെത്തിച്ചു. 28 പന്തില്‍ നിന്നും രണ്ട് സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സെടുത്ത ഒമര്‍ അബുബക്കറിനെ  ആഷിക് മുഹമ്മദിന്റെ പന്തില്‍ പവന്‍രാജ് പിടിച്ചു പുറത്താക്കി.
ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 58 പനന്തില്‍ നിന്നാണ്  77 റണ്‍സ് നേടിയത്.  സല്‍മാന്‍ നിസാറുമായി ചേര്‍ന്ന് രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിന്റെ സ്‌കോര്‍ 135 ലെത്തിച്ചു. 48 പന്തില്‍ നിന്ന് 61 റണ്‍സെടുത്തു നിൽക്കെ എന്‍.എം ഷറഫുദീന്റെ പന്ത് സ്വീപ് ചെയ്യാനുള്ള രോഹന്റെ ശ്രമം പരാജയപ്പെടു. രോഹന്‍ ക്ലീന്‍ബൗള്‍ഡായി. മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.  കാലിക്കറ്റ് സ്‌കോര്‍ 160  ൽ നിൽക്കെ 26 പന്തില്‍ 37 റണ്‍സെടുത്ത സല്‍മാന്‍ നിസാർ പുറത്തായി. നാലു പന്തില്‍ നിന്ന് ഏഴു റണ്‍സുമായി എം നിഖിലും മൂന്നു പന്തില്‍ നിന്ന് 12 റണ്‍സുമായി അഭിജിത്ത് പ്രവീണും പുറത്താകാതെ നിന്നു. കൊല്ലം സെയ്‌ലേഴ്‌സിനു വേണ്ടി ആഷിക് മൂന്ന് ഒവറില്‍ 21 ന്  രണ്ട് വിക്കറ്റ് സ്വന്തമാക്കി.

173 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ചു പന്തില്‍ നിന്ന് നാലു റണ്‍സ് നേടിയ ചന്ദ്ര തേജസിനെ എം നിഖിലിന്റെ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ പിടിച്ചു പുറത്താക്കി. ക്യാപ്റ്റന്‍ സച്ചിന്‍ബേബിയും അരുണ്‍പൗലോസും ചേര്‍ന്നുള്ള കൂട്ടുകെട്ട ആറാം ഓവറില്‍ കൊല്ലത്തിന്റെ സ്‌കോര്‍ 50 കടത്തി. ഏഴാം ഓവറില്‍ അരുണ്‍ പൗലോസിന അന്‍ഫല്‍ അഖില്‍ സക്കറിയയുടെ കൈകളിലെത്തിച്ചു. 24 പന്തില്‍ നാലു സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 44 റണ്‍സാണ് അരുണ്‍ സ്വന്തമാക്കിയത്. അരുണാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍.  10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലായിരുന്നു കൊല്ലം.

14-ാം ഓവറിലെ അവസാന പന്തില്‍ കൊല്ലത്തിന്റെ ക്യപ്റ്റന്‍ സച്ചിന്‍ ബേബിയെ ( 31 പന്തില്‍ 34) യെ എം നിഖില്‍ അഖില്‍ സ്‌കറിയയുടെ കൈകളിലെത്തിച്ചു.അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന കൊല്ലം ഒരു പന്തു ബാക്കി നിൽക്കെ വിജയം സ്വന്തമാക്കി. കൊല്ലത്തിന്റെ എൻ കെ ഷറഫുദ്ദീനാണ്  കളിയിലെ താരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top