മൂവാറ്റുപുഴ > കളിയിലെ പുതിയ മാറ്റങ്ങൾ ആദ്യമായി നടപ്പാക്കിയ സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളിലെ ചാമ്പ്യൻ കോഴിക്കോടിന് ജയത്തുടക്കം. എറണാകുളത്തെ 51–-18ന് തകർത്തുവിട്ടു. തൃശൂർ കൊല്ലത്തെയും പാലക്കാട് പത്തനംതിട്ടയെയും ആലപ്പുഴ കോട്ടയത്തെയും തോൽപ്പിച്ചു. ആൺകുട്ടികളിൽ പത്തനംതിട്ട പാലക്കാടിനെയും തൃശൂർ കൊല്ലത്തെയും കീഴടക്കി.
വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്‌കൂളിൽ കലക്‌ടർ എൻ എസ് കെ ഉമേഷ് ഉദ്‌ഘാടനം ചെയ്‌തു. ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നിയമമാറ്റങ്ങൾ കേരളത്തിൽ ആദ്യമായി നടപ്പാക്കിയായിരുന്നു മത്സരങ്ങൾ. ഇതുപ്രകാരം ടീമിലെ പത്ത് അംഗങ്ങളും ഒരു ക്വാർട്ടർ മുഴുവനും (പത്തു മിനിറ്റ്) കളിച്ചു. അതായത് ഒരു കളിക്കാരനും നാലു ക്വാർട്ടറും മുഴുവനായി കളിക്കാൻ സാധിച്ചില്ല.
ടീമിലെ എല്ലാ കളിക്കാർക്കും അവസരം കിട്ടുന്നുവെന്നുമാത്രമല്ല, ഒരേ കളിക്കാർതന്നെ മുഴുവൻസമയം കളിക്കുന്നതും ഒഴിവായി. ആദ്യം ഇറങ്ങുന്ന അഞ്ചു കളിക്കാർമാത്രം കളിക്കുന്ന രീതി മാറ്റാനായി. പരിശീലകർക്ക് സബ്സ്റ്റിറ്റ്യൂഷൻ തന്ത്രങ്ങൾ മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. പ്രധാന കളിക്കാർക്ക് പരിക്കിന്റെ സാധ്യത കുറയ്‌ക്കുകയും മതിയായ വിശ്രമം ഉറപ്പാക്കുകയും ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..