08 September Sunday

‘ബിയെൻവെനീദോ എംബാപ്പെ’ ; കാത്തിരിപ്പിനൊടുവിൽ റയൽ മാഡ്രിഡ്‌ എംബാപ്പെയെ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

image credit real madrid facebook


മാഡ്രിഡ്‌
സാന്റിയാഗോ ബെർണബ്യൂവിൽ 80,000 ആരാധകർ ആർത്തുവിളിച്ചു –- ‘ബിയെൻവെനീദോ എംബാപ്പെ’. സ്‌പാനിഷിൽ ബിയെൻവെനീദോ എന്നാൽ സ്വാഗതം എന്നർഥം. കാത്തിരിപ്പിനൊടുവിൽ റയൽ മാഡ്രിഡ്‌ ക്ലബ് കിലിയൻ എംബാപ്പെയെ ഔദ്യോഗികമായി അവതരിപ്പിച്ചു. 2029 വരെ ഫ്രഞ്ച്‌ ക്യാപ്‌റ്റനെ റയൽ കുപ്പായത്തിൽ കാണാം. പിഎസ്‌ജിയിൽനിന്നാണ്‌ ഇരുപത്തഞ്ചുകാരൻ ഇഷ്ടക്ലബ്ബായ റയലിലേക്ക്‌ ചേക്കേറിയത്‌. ബെർണബ്യൂ സ്‌റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്കുമുന്നിൽ ഊഷ്‌മള വരവേൽപ്പാണ്‌ മുന്നേറ്റക്കാരന്‌ ലഭിച്ചത്‌. കരാറിൽ ഒപ്പിട്ടശേഷം റയൽ ജേഴ്‌സിയിൽ മൈതാനത്തിറങ്ങിയ എംബാപ്പെ ആരാധകരെ അഭിവാദ്യം ചെയ്‌തു. റയൽ പ്രസിഡന്റ്‌ ഫ്ലോറന്റീനോ പെരസ്‌, മുൻ ഫ്രഞ്ച്‌ ക്യാപ്‌റ്റൻ സിനദിൻ സിദാൻ തുടങ്ങിയവരെല്ലാം ചടങ്ങിനുണ്ടായിരുന്നു. 2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിക്കാനാണ്‌ ഇതിനുമുമ്പ്‌ ബെർണബ്യൂ സ്‌റ്റേഡിയത്തിൽ ഇത്രയും ആരാധകർ നിറഞ്ഞത്‌.

റയലിൽ എംബാപ്പെ പുതിയ അധ്യായം തുടങ്ങുകയാണ്‌. ചെറുപ്പംതൊട്ടേ റയലായിരുന്നു ഇഷ്ട ടീം. റൊണാൾഡോ ആരാധനാപുരുഷനും. സ്‌പാനിഷ്‌ ക്ലബ്ബിനോടുള്ള അടുപ്പം പലതവണ തുറന്നുപറഞ്ഞു. 13–-ാംവയസ്സിൽ കുടുംബത്തോടപ്പം റയൽ സന്ദർശിക്കാനും അവസരമുണ്ടായി. അന്നെടുത്ത ചിത്രങ്ങൾ റയൽ പുറത്തുവിട്ടു. മൊണാക്കോയിലും പിഎസ്‌ജിയിലും പന്തുതട്ടിയശേഷമാണ്‌ വരവ്‌. 2017 മുതൽ പാരിസ്‌ ക്ലബ്ബിലായിരുന്നു. 178 കളിയിൽ 162 ഗോളടിച്ചു. രണ്ട്‌ വർഷംമുമ്പ്‌ റയലിൽ ചേരാൻ ശ്രമിച്ചിരുന്നു. എന്നാൽ, പിഎസ്‌ജി വിട്ടില്ല.

യൂറോ കപ്പിൽ മോശം പ്രകടനമായിരുന്നു എംബാപ്പെയുടേത്‌. ലോകകപ്പ്‌ ഉൾപ്പെടെ നേടിയ ഇരുപത്തഞ്ചുകാരന്‌ റയലിൽ ലക്ഷ്യം കന്നി ചാമ്പ്യൻസ്‌ ലീഗും ബാലൻ ഡി ഓർ പുരസ്‌കാരവുമാണ്‌. പ്രീസീസൺ ക്യാമ്പ്‌ ആരംഭിച്ച  റയലിനൊപ്പം ഉടൻ പരിശീലനത്തിനിറങ്ങും. സ്‌പാനിഷ്‌ ലീഗിൽ നിലവിലെ ചാമ്പ്യൻമാരുടെ പുതിയ സീസണിലെ ആദ്യമത്സരം ആഗസ്‌ത്‌ 17ന്‌ മയ്യോർക്കക്കെതിരെയാണ്‌. റയലിൽ ഒമ്പതാംനമ്പർ കുപ്പായമാണിടുക. പതിവായി അണിയുന്ന പത്താംനമ്പറിൽ ലൂകാ മോഡ്രിച്ച്‌ കളിക്കുന്നതിനാൽ ഒമ്പതാംനമ്പർ മതിയെന്ന്‌ എംബാപ്പെ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top