പാരിസ്> ‘അലെസ്, അലെസ് (വേഗം, വേഗം)’... ഫ്രഞ്ച് കാണികൾ ആവേശപൂർവം അലറി. നീന്തൽക്കുളത്തിൽ അവരുടെ ‘മൈക്കേൽ ഫെൽപ്‌സ്’ ലിയോൺ മർച്ചന്റ് പൊൻമീനിനെപ്പോലെ തിളങ്ങി. ഓളങ്ങൾ വകഞ്ഞുമാറ്റി കുതിച്ചു. പുതിയ ഒളിമ്പിക് റെക്കോഡുമായാണ് ഇരുപത്തിരണ്ടുകാരൻ പൊങ്ങിയത്. ഇത് മർച്ചന്റ്.
നീന്തൽക്കുളത്തിലെ പുതിയ ഫെൽപ്‌സ്. 22–-ാം വയസ്സിൽത്തന്നെ അമേരിക്കൻ ഇതിഹാസമായ ഫെൽപ്‌സിന്റെ റെക്കോഡുകൾ മായ്‌ച്ചുകഴിഞ്ഞു മർച്ചന്റ്. പാരിസിൽ 400 മീറ്റർ മെഡ്‌ലെയിൽ ഒളിമ്പിക് റെക്കോഡ് തിരുത്തി. നാല് മിനിറ്റ് 2.95 സെക്കൻഡിൽ സ്വർണം. 2008 ബീജിങ്ങിൽ ഫെൽപ്‌സ് നാല് മിനിറ്റ് 3.84 സെക്കൻഡിലാണ് ചാമ്പ്യനായത്. ഈ ഇനത്തിൽ ലോകറെക്കോഡും മർച്ചന്റിന്റെ പേരിലാണ് (4:02.50). കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു പ്രകടനം.
സ്വന്തംനാട്ടിൽ രണ്ടാം ഒളിമ്പിക്‌സിനാണ് മർച്ചന്റ് കച്ചക്കെട്ടിയത്. ഫ്രഞ്ച് നീന്തൽദമ്പതികളായ സേവിയർ മർച്ചന്റിന്റെയും സെലീൻ ബോണെറ്റിന്റെയും മകന് നീന്തലെന്നാൽ രക്തത്തിൽ അലിഞ്ഞതായിരുന്നു. ഓർമവച്ചനാൾമുതൽ കുളത്തിലിറങ്ങി. 2019 ജൂനിയർ ലോകചാമ്പ്യൻഷിപ്പിലൂടെ രാജ്യാന്തരവേദിയിൽ അവതരിച്ചു. അന്ന് വെങ്കലവുമായി തിളങ്ങി. ടോക്യോ ഒളിമ്പിക്‌സിൽ പ്രതീക്ഷയോടെ എത്തിയെങ്കിലും തോൽവിയായിരുന്നു. 400 മീറ്റർ മെഡ്‌ലെയിൽ ആറാം സ്ഥാനത്തെത്തി. മറ്റ് നാല് ഇനങ്ങളിലും ഫൈനൽ കാണാനായില്ല. ടോക്യോയ്‌ക്കുശേഷം നീന്തൽക്കുളം വാണ് യുവതാരം. രണ്ട് ലോകചാമ്പ്യൻഷിപ്പുകളിലായി അഞ്ചുസ്വർണവും ഒരുവെള്ളിയും നേടി. അതിശയിപ്പിക്കുന്ന പ്രകടനത്തോടെ ‘ഫ്രഞ്ച് ഫെൽപ്‌സെ’ന്ന പേരുകിട്ടി. അമേരിക്കൻ നീന്തൽ ഇതിഹാസത്തിന് സമാനമായ ശരീരമാണ് മർച്ചന്റിന്. ആറടി രണ്ടിഞ്ച് ഉയരം. വീതികൂടിയ ഇടുപ്പുകൾ, കുളത്തിലെ ശൈലി. എല്ലാം ഫെൽപ്‌സിനെ പോലെ. ലോകവേദിയിലായിരുന്നു ഫെൽപ്‌സിന്റെ റെക്കോഡ് പഴങ്കഥയാക്കിയത്.
ഇത്തവണ നാല് വ്യക്തിഗത സ്വർണമാണ് ലക്ഷ്യം. 200 മീറ്റർ മെഡ്‌ലെ, ബട്ടർഫ്ലെ, ബ്രസ്‌റ്റ്‌സ്‌ട്രോക് വിഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട്. 400 മീറ്റർ മെഡ്‌ലെയിൽ ജപ്പാന്റെ തോമോയുകി മത്‌സുഷിറ്റയ്‌ക്ക് (4:08.62) വെള്ളിയും അമേരിക്കയുടെ കാർസൺ ഫോസ്റ്റർ (4:08.66) വെങ്കലവും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..