പാരിസ്
രണ്ടുമണിക്കൂറിനുള്ളിൽ രണ്ട് സ്വർണം. രണ്ടും ഒളിമ്പിക് റെക്കോഡോടെ. ഫ്രഞ്ചുകാരുടെ ‘മൈക്കേൽ ഫെൽപ്‌സ്’ ലിയോൺ മർച്ചന്റ് നീന്തൽക്കുളത്തിൽ പൊന്ന് വാരുന്നു. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിലും 200 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിലുമാണ് ഇരുപത്തിരണ്ടുകാരൻ സ്വർണമണിഞ്ഞത്. മൈക്കേൽ ഫെൽപ്‌സിന്റെ പേരിലുണ്ടായിരുന്ന ഒളിമ്പിക് റെക്കോഡ് തിരുത്തി രണ്ടുദിവസംമുമ്പ് 400 മീറ്റർ മെഡ്‌ലെയിലും സ്വർണം അണിഞ്ഞിരുന്നു.
ഇരുനൂറു മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ നിലവിലെ ലോക റെക്കോഡിന് ഉടമയായ ഹംഗറിയുടെ ക്രിസ്‌റ്റോഫ് മിലാക്കിനെ മറികടന്നാണ് സ്വർണത്തിലേക്ക് നീന്തിക്കയറിയത്. ഒരുമിനിറ്റ് 51.21 സെക്കൻഡിൽ ഫിനിഷ് ചെയ്‌തു. മിലാക്കിന് ഒരുമിനിറ്റ് 51.75 സെക്കൻഡിലേ നീന്തിയെത്താനായുള്ളൂ. ക്യാനഡയുടെ ഇല്യ ഖാറനാണ് വെങ്കലം. 200 മീറ്റർ ബ്രസ്റ്റ്‌സ്‌ട്രോക്കിലും ഒളിമ്പിക് റെക്കോഡ് കുറിച്ച മർച്ചന്റ് രണ്ടുമിനിറ്റ് 5.85 സെക്കൻഡിൽ നീന്തിയെത്തിയാണ് പാരിസിലെ മൂന്നാംസ്വർണം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ സാക് സ്റ്റുബ്‌ലേറ്റ് കുക്ക് വെള്ളിയും നെതർലൻഡ്‌സിന്റെ കാസ്‌പർ കോർബിയു വെങ്കലവും നേടി.
എട്ടാംസ്വർണം
നേടി ലെഡേക്കി
അമേരിക്കയുടെ വനിതാ ഇതിഹാസം കാത്തി ലെഡേക്കി പാരിസിലെ ആദ്യസ്വർണത്തോടെ ഒളിമ്പിക്‌സിലെ സ്വർണനേട്ടം എട്ടാക്കി. 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ പുതിയ ഒളിമ്പിക് റെക്കോഡ് കുറിച്ചാണ് നേട്ടം. 15 മിനിറ്റ് 30.02 സെക്കൻഡിലാണ് കാത്തി സ്വർണത്തിലേക്ക് നീന്തിക്കയറിയത്. ഫ്രാൻസിന്റെ അനസ്‌താനിയ കിർവിച്നികോവ് വെള്ളിയും ജർമനിയുടെ ഗോസ് ഇസ്‌ബെൽ വെങ്കലവും നേടി. നേരത്തേ 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ കാത്തി വെങ്കലം നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..