മയാമി> പ്രായം മുപ്പത്തേഴായി. കാലുകളുടെ വേഗം കുറയുന്നുണ്ട്. മാന്ത്രികനീക്കങ്ങൾക്കായി ഇനി കാത്തിരിക്കേണ്ട എന്ന് ആ മുഖം പറയുന്നുണ്ട്. എങ്കിലും ഫുട്‌ബോളിൽ ലയിച്ചുപോയ മനസ്സിനെ പിൻവലിക്കാനാകുന്നില്ല ലയണൽ മെസിക്ക്. കൊളംബിയയുമായുള്ള കോപ ഫൈനലിനിടെ പരിക്കേറ്റ് വീണപ്പോൾ പൊട്ടിക്കരഞ്ഞത് അതുകൊണ്ടായിരിക്കാം. വലംകാലിൽ വീർത്തുകെട്ടിയ വേദന ഒരു സൂചനയാണ്. ഇനിയൊരു രാജ്യാന്തരവേദിയിൽ മെസിയുണ്ടാകുമോ എന്ന് സംശയമുണർത്തുന്ന ചിത്രം.
കനലായിരുന്നു നെഞ്ചിൽ. 2021 വരെ രാജ്യാന്തരതലത്തിൽ ഒരു കിരീടവുമുണ്ടായിരുന്നില്ല മെസിക്ക്. ശേഷം ചരിത്രം. 2021ൽ കോപ, 2022ൽ ഫൈനലിസിമ, ആ വർഷംതന്നെ ലോകകപ്പ്, ഇപ്പോൾ വീണ്ടും കോപ. രാജ്യാന്തര ഫുട്‌ബോളിൽ 45 കിരീടങ്ങൾ. മറ്റാർക്കുമില്ലാത്ത റെക്കോഡ്.
കാലിലെ പരിക്ക് ഇടയ്‌ക്കിടെ വേദനിപ്പിക്കാറുണ്ട്. ഇന്റർ മയാമിയിൽ ഇടയ്‌ക്ക് പരിക്കുവന്നു. കോപയിലെ ഗ്രൂപ്പ് ഘട്ടത്തിലും വേദന വില്ലനായി. കൊളംബിയയുമായുള്ള കളിയിൽ പറ്റുംവിധം കളിക്കുമെന്നായിരുന്നു 36–-ാംമിനിറ്റിൽ പരിക്കേറ്റശേഷം മെസി പരിശീലകൻ സ്‌കലോണിയോട് പറഞ്ഞത്. 64–-ാംമിനിറ്റിൽ വീണുപോയി. 66–-ാംമിനിറ്റിൽ കളംവിട്ടു. നിരാശയോടെ ബൂട്ട് വലിച്ചെറിഞ്ഞു. കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ഒടുവിൽ ലൗതാരോ മാർട്ടിനെസ് ഗോളടിച്ചപ്പോഴാണ് ആ മുഖം തെളിഞ്ഞത്. ലൗതാരോ ഓടിയെത്തി പുണർന്നു.
റൊസാരിയോവിലെ കൂട്ടുകാരൻ ഏഞ്ചൽ ഡി മരിയ കളി നിർത്തി. കൗമാരംതൊട്ട് കൂടെയുള്ള ഒട്ടമെൻഡിയും ബൂട്ടഴിച്ചു. കിരീടം ഏറ്റുവാങ്ങുമ്പോൾ ഇരുവരെയും മെസി ക്ഷണിച്ചു. ഒന്നിച്ചുവാങ്ങി. ഉയർത്തി. ഇനി ഇതുപോലൊരു കാഴ്‌ചയുണ്ടാകില്ല.
മെസിയുടെ കിരീടങ്ങൾ
ഫിഫ ലോകകപ്പ് 1
കോപ അമേരിക്ക 2
ഫൈനലിസിമ 1
ഒളിമ്പിക്‌സ് 1
അണ്ടർ 20 ലോകകപ്പ് 1
സ്‌പാനിഷ് ലീഗ് 10
ഫ്രഞ്ച് ലീഗ് 2
ചാമ്പ്യൻസ് ലീഗ് 4
സ്‌പാനിഷ് കിങ്‌സ് കപ്പ് 7
സൂപ്പർ കപ്പ് 9
യുവേഫ സൂപ്പർ കപ്പ് 3
ക്ലബ് ലോകകപ്പ് 3
ലീഗ്‌സ് കപ്പ് 1
ആകെ–- 45 കിരീടങ്ങൾ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..