ബ്യൂണസ് ഐറിസ്
ലയണൽ മെസി ഒരിക്കൽക്കൂടി കളംനിറഞ്ഞു. ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ ലാറ്റിനമേരിക്കൻ മേഖലയിൽ തകർപ്പൻ ഹാട്രിക്കുമായി മെസി മിന്നി. ക്യാപ്‌റ്റന്റെ മികവിൽ അർജന്റീന ആറ് ഗോളിന് ബൊളീവിയയെ തകർത്തു. ഹാട്രിക്കിനൊപ്പം രണ്ട് ഗോളിനും മുപ്പത്തേഴുകാരൻ വഴിയൊരുക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് അർജന്റീന ലീഡുയർത്തി. ലൗതാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, തിയാഗോ അൽമാഡ എന്നിവരും ലക്ഷ്യം കണ്ടു. രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 112–-ാംഗോളാണ്. പത്താം ഹാട്രിക്. പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ നേട്ടത്തിനൊപ്പമെത്തി. ഗോളടിക്കാരിൽ റൊണാൾഡോയാണ് ഒന്നാമത്.
ബൊളീവിയക്കെതിരെ കളി തുടങ്ങി അരമണിക്കൂറിൽ മെസി വല കണ്ടു. ലൗതാരോ മാർട്ടിനെസാണ് അവസരമൊരുക്കിയത്. ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് മാർട്ടിനെസിന്റെയും അൽവാരസിന്റെയും ഗോളിന് മെസി അവസരമൊരുക്കി. ഇടവേളയ്‌ക്കുശേഷമുള്ള ആദ്യഘട്ടത്തിൽ അൽമാഡ അർജന്റീനയുടെ നേട്ടം നാലാക്കി. നഹുവേൽ മൊളീനയുടെ കുറിയ ക്രോസിൽനിന്നാണ് അൽമാഡ ലക്ഷ്യം കണ്ടത്. കളിയുടെ അവസാനഘട്ടത്തിലായിരുന്നു മെസിയുടെ ഹാട്രിക്. രണ്ട് മിനിറ്റിനിടെ രണ്ടെണ്ണം തൊടുത്തു.
‘യുവതാരങ്ങൾക്കൊപ്പം ഇങ്ങനെ കളിക്കുന്നത് എനിക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. കളത്തിൽ വീണ്ടുമെത്തിയ കുട്ടിയെപ്പോലെയാണ് ഞാൻ. ആരാധകരുടെ സ്‌നേഹം അറിയുന്നു. ഭാവിയെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഓരോ നിമിഷവും ആനന്ദത്തോടെ കളിക്കുക എന്നത് മാത്രമാണ് മനസ്സിൽ. ഇതൊക്കെ എന്റെ അവസാന മത്സരങ്ങളാണെന്ന് എനിക്ക് അറിയാം’–- മത്സരശേഷം മെസി പറഞ്ഞു.
അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കുവേണ്ടിയാണ് അർജന്റീന ക്യാപ്‌റ്റൻ ഇപ്പോൾ കളിക്കുന്നത്. പരിക്കുകാരണം ഏറെനാൾ വിട്ടുനിൽക്കേണ്ടിവന്നു. സെപ്‌തംബറിൽ യോഗ്യതാ റൗണ്ടിലെ രണ്ട് മത്സരങ്ങളിലും പരിക്കുകാരണം കളിച്ചില്ല. നവംബറിൽ രണ്ട് മത്സരംകൂടിയുണ്ട്. 2026ലാണ് ലോകകപ്പ്. 48 ടീമുകളാണ് ലോകകപ്പിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..