13 November Wednesday

തുടരുന്നു സ്‌കലോണേറ്റ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

image credit Lionel Scaloni facebook


മയാമി
‘ലയണൽ സ്‌കലോണിയിൽ വിശ്വസിക്കുക, ക്ഷമയോടെ കാത്തിരിക്കുക’–-അർജന്റീന ഫുട്‌ബോൾ ആരാധകർക്ക്‌ ആശങ്കയൊട്ടുമില്ല. അവർ അവരുടെ പരിശീലകന്‌ സർവവും സമർപ്പിക്കുന്നു. ഇരുപത്തെട്ട്‌ വർഷം ഒരു കിരീടത്തിനായി കാത്തിരുന്ന അർജന്റീനയ്‌ക്ക്‌ മൂന്ന്‌ വർഷത്തിനുള്ളിൽ നാല്‌ കിരീടങ്ങളാണ്‌ സ്‌കലോണി സമ്മാനിച്ചത്‌. 2021ൽ കോപ അമേരിക്കയിൽ തുടങ്ങി. പിന്നാലെ ഫൈനലിസിമ. 2022ൽ ലോകകപ്പ്‌. ഒടുവിൽ വീണ്ടും ഒരു കോപ. ആറ്‌ വർഷമായി മുൻ മധ്യനിരക്കാരൻ ചുമതലയിലുണ്ട്‌. ടൂർണമെന്റിനുമുമ്പ്‌ മടുത്തുതുടങ്ങിയെന്നും അവസാനിപ്പിക്കാൻ ആലോചിക്കുകയാണെന്നും പറഞ്ഞിരുന്നു. എന്നാൽ, കോപ നേട്ടത്തിനുപിന്നാലെ മനസ്സുമാറി. ‘രണ്ടു വർഷംകൂടി കരാറുണ്ട്‌. ഈ നിമിഷം സന്തോഷത്തിന്റേതാണ്‌. ഇപ്പോൾ എന്നോട്‌ 15 വർഷത്തേക്കുള്ള കരാറിൽ ഒപ്പിടാൻ പറഞ്ഞാലും തയ്യാർ’–-സ്‌കലോണി പ്രതികരിച്ചു.

ഒന്നുമല്ലാത്ത ഒരു നിരയെ അജയ്യരാക്കി മാറ്റി സ്‌കലോണി. തലപുകയ്‌ക്കുന്ന ആലോചനകളോ തന്ത്രങ്ങളോ ഇല്ല. ജയിക്കാനായി കളിക്കുക എന്ന ലളിതമായ രീതിയാണ്‌. ലയണൽ മെസിയെന്ന ഇതിഹാസത്തെ മുന്നിൽനിർത്തിയുള്ള കളിശൈലി. മെസിയിൽ മാത്രം കേന്ദ്രീകരിക്കുകയോ അമിത പ്രധാന്യമോ നൽകുന്നില്ല. മറ്റു കളിക്കാരെയും വിശ്വാസത്തിലെടുത്ത്‌ സ്‌കലോണി അർജന്റീനയെ പുതുക്കിപ്പണിതു. പ്രതിരോധം കെട്ടുറപ്പുള്ളതാക്കി മാറ്റി. മധ്യനിരയിൽനിന്ന്‌ എല്ലാ വശങ്ങളിലേക്കും മുന്നേറുക എന്ന രീതി സ്വീകരിച്ചു. മെസിയുടെ മികവ്‌ അറിഞ്ഞ്‌ കളിയൊരുക്കി.

2018ൽ ചുമതലയേറ്റശേഷം 75 കളിയിലാണ്‌ സ്‌കലോണി അർജന്റീനയെ നയിച്ചത്‌. 57ലും ജയിച്ചു. തോൽവി ആറെണ്ണം മാത്രം. 12 സമനില. കളിച്ച നാല്‌ ഫൈനലിലും ജയിച്ചു. ഇനി ലോകകപ്പ്‌ നിലനിർത്തുക എന്നതാണ്‌ ലക്ഷ്യം. 2026ലും അർജന്റീനയുടെ അമരക്കാരനായി സ്‌കലോണി ഉണ്ടാകും. അത്ഭുതം തുടരാൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top