ലണ്ടൻ > പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വൻ പതനം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് രണ്ടു ഗോളിന് തോറ്റു. ലീഗിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയ സിറ്റി, ജയമില്ലാതെ അവസാനിപ്പിക്കുന്ന ഏഴാമത്തെ കളിയാണിത്.
കോഡി ഗാക്പോയും മുഹമ്മദ് സലായും ലിവർപൂളിനായി ലക്ഷ്യം കണ്ടു. ഒന്നാം സ്ഥാനത്തു തുടരുകയാണ് ആർണെ സ്ലോട്ടിന്റെ സംഘം. നിലവിലെ ചാമ്പ്യന്മാരായ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. ലിവർപൂളിനെക്കാൾ 11 പോയിന്റ് പിന്നിലാണ് ഗ്വാർഡിയോളയുടെ സംഘം.
പരിശീലകനായി ചുമതലയേറ്റെടുത്തിനുശേഷമുള്ള ലീഗിലെ രണ്ടാം കളിയിൽ റൂബെൻ അമോറിം മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ജയമൊരുക്കി. എവർട്ടണെ നാല് ഗോളിന് തകർത്തു. മറ്റൊരു
കളിയിൽ ചെൽസി മൂന്ന് ഗോളിന് ആസ്‌റ്റൺ വില്ലയെ തുരത്തി. അഴ്‌സണൽ 5–-2ന് വെസ്‌റ്റ്‌ഹാം യുണൈറ്റഡിനെയും തീർത്തു. ടോട്ടനം ഹോട്‌സ്‌പറിനെ ക്രിസ്‌റ്റൽ പാലസ് 1–-1ന് പിടിച്ചുകെട്ടി.
അമോറിമിനുകീഴിൽ യുണൈറ്റഡ് ആദ്യകളിയിൽ ഇപ്‌സ്വിച്ച് ടൗണിനോട് സമനില വഴങ്ങിയിരുന്നു. എവർട്ടണിനെതിരെ മിന്നി. മാർകസ് റാഷ്‌ഫഡ്, ജോഷ്വ സിർക്കീ എന്നിവർ ഇരട്ടഗോളടിച്ചു. ബ്രൂണോ ഫെർണാണ്ടസും അമാദ് ഡിയാല്ലോയും അവസരമൊരുക്കലിൽ ഇരട്ട തികച്ചു.
വില്ലയ്‌ക്കെതിരെ ചെൽസിയും ആധികാരിക പ്രകടനം പുറത്തെടുത്തു. നിക്കോളാസ് ജാക്‌സൺ, എൺസോ ഫെർണാണ്ടസ്, കോൾ പാൽമർ എന്നിവർ ചെൽസിക്കായി ലക്ഷ്യംകണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..