ലണ്ടൻ
മാഞ്ചസ്‌റ്റർ സിറ്റിയുടെയും പെപ് ഗ്വാർഡിയോളയുടെയും പ്രഭാവലയം മായുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ഫുട്‌ബോൾ ലീഗിൽ ലിവർപൂളിനോടുള്ള തോൽവിയോടെ കിരീടപ്രതീക്ഷയിൽനിന്ന് സിറ്റി അകന്നു. അവിശ്വസനീയ പതനമാണ് സിറ്റിക്ക്. അവസാന ഏഴ് മത്സരങ്ങളിൽ ജയമില്ല. ആറിലും തോൽവി. ലീഗിൽ തുടർച്ചയായ നാലാം തോൽവി. ഗ്വാർഡിയോള പരിശീലകസ്ഥാനമേറ്റെടുത്തശേഷം തോൽവി അപൂർവമായിരുന്നു ചാമ്പ്യൻമാർക്ക്. ലിവർപൂളിനോട് സർവമേഖലയിലും പിന്നാക്കമായി; വേഗത്തിലും നിയന്ത്രണത്തിലും നിർണായക തീരുമാനത്തിലുമെല്ലാം. ലിവർപൂളുമായി 11 പോയിന്റ് പിന്നിലാണിപ്പോൾ.
കളത്തിൽ വേഗംനിലച്ചപോലെയായിരുന്നു കളി. മുൻനിരയിലേക്ക് പന്തൊഴുകിയില്ല. പ്രതിരോധം നിരന്തരം പിഴവുകൾ വരുത്തി. മുപ്പത്തിനാലുകാരൻ ക്യാപ്‌റ്റൻ കൈൽ വാൾക്കറിന്റെ പിഴവിലാണ് കോഡി ഗാക്‌പോ ഗോൾ നേടിയത്. രണ്ടാംഗോളിന് കാരണമായത് റൂബെൻ ഡയസിന്റെ പിഴവും.മധ്യനിരയിൽ ഇകായ് ഗുൺഡോവൻ മുൻപ്രകടനങ്ങളുടെ നിഴൽമാത്രമാണ്. 18 മാസംമുമ്പ് ബാഴ്‌സലോണയിലേക്ക് പോയ ഗുൺഡോവനല്ല തിരിച്ചെത്തിയപ്പോൾ. പരിക്കുമാറിയെത്തിയ കെവിൻ ഡി ബ്രയ്‌ൻ പൂർണമായും ഒരുങ്ങിയിട്ടില്ല. ഫിൽ ഫൊദെൻ, ജാക് ഗ്രീലിഷ്, ബെർണാഡോ സിൽവ, സാവിന്യോ എന്നിവർ ഈ സീസണിൽ ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. ജെറെമി ഡൊക്കു ഒരു ഗോളടിച്ചു. എർലിങ് ഹാലണ്ട്‌മാത്രമാണ് ഗോളടിക്കാരൻ. സമീപകാല മത്സരങ്ങളിൽ ഹാലണ്ടിന് പന്ത് കിട്ടുന്നതുതന്നെ വല്ലപ്പോഴുമാണ്.
റോഡ്രിയുടെ അഭാവം സിറ്റിയെ ആകെ ഉലച്ചിട്ടുണ്ട്. മധ്യനിരയിൽ റോഡ്രിക്ക് പകരക്കാരനെ കാണാനാകുന്നില്ല. നാളെ നോട്ടിങ്‌ഹാം ഫോറസ്‌റ്റുമായാണ് അടുത്ത കളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..