ലണ്ടൻ > മാഞ്ചസ്‌റ്റർ സിറ്റി കുപ്പായത്തിൽ 100 ഗോൾ തികച്ച് എർലിങ് ഹാലണ്ടിന്റെ കുതിപ്പ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്‌സണലിനെതിരെയായിരുന്നു ഈ നേട്ടം കുറിച്ചത്. ആവേശകരമായ മത്സരം 2–-2നാണ് അവസാനിച്ചത്. സിറ്റിയുടെ ആദ്യഗോൾ ഹാലണ്ട് നേടി.
സിറ്റിയിൽ രണ്ടാംവർഷമാണ് ഹാലണ്ടിന്. ആകെ 105 മത്സരങ്ങളിൽ നോർവെക്കാരൻ ഇറങ്ങി. ക്ലബ് കുപ്പായത്തിൽ ആകെ 235 ഗോളായി. മോൾഡെ, ആർബി സാൽസ്‌ബുർഗ്, ബൊറൂസിയ ഡോർട്ട്‌മുണ്ട് എന്നീ ക്ലബ്ബുകളിൽ ഗോളടിച്ചുകൂട്ടിയശേഷമാണ് ഇരുപത്തിനാലുകാരൻ സിറ്റിയിൽ എത്തിയത്. നോർവെക്കുവേണ്ടി 32 ഗോളും സ്വന്തമാക്കി. യൂറോപ്പിലെ പ്രബല ലീഗുകളിൽ ഏറ്റവും വേഗത്തിൽ 100 ഗോളടിച്ച റെക്കോഡിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമെത്തി ഹാലണ്ട്. റൊണാൾഡോ റയൽ മാഡ്രിഡിനായാണ് നേട്ടംകുറിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 73 ഗോളാണ് ഹാലണ്ടിന്. ചാമ്പ്യൻസ് ലീഗിൽ 18, എഫ്‌എ കപ്പിൽ എട്ട്, ലീഗ് കപ്പിൽ ഒന്ന് എന്നിങ്ങനെയാണ് സിറ്റിയിലെ ഗോളുകൾ. 73 എണ്ണം ഇടംകാൽകൊണ്ട്. വലതുകാൽകൊണ്ട് 14.
ഇരുപത്തിനാലാം വയസ്സിൽ 271 മത്സരങ്ങളാണ് നോർവെക്കാരൻ പൂർത്തിയാക്കിയത്. 235 ഗോളും കുറിച്ചു. ഈ പ്രായത്തിൽ റൊണാൾഡോ 313 മത്സരങ്ങളിൽനിന്നായി 117 ഗോളാണ് നേടിയത്. ലയണൽ മെസി 274 കളിയിൽ 184 ഗോളും.
ഈ സീസണിൽ ഹാലണ്ടിന് അഞ്ചുകളിയിൽ 10 ഗോളായി.
അഴ്‌സണലിനെതിരെ ഹാലണ്ടിന്റെ തകർപ്പൻ ഗോളിൽ സിറ്റി തുടക്കത്തിൽത്തന്നെ ലീഡ് നേടിയതാണ്. എന്നാൽ, അഴ്‌സണൽ റിക്കാർഡോ കലഫിയോറി, ഗബ്രിയേൽ എന്നിവരിലൂടെ ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ മുന്നിലെത്തി. ഇടവേളയ്‌ക്കു പിരിയുന്നതിന് തൊട്ടുമുമ്പ് ലിയാൻഡ്രോ ട്രൊസാർഡ് രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി പുറത്തായതോടെ അഴ്‌സണൽ പത്തുപേരായി ചുരുങ്ങി.
സിറ്റിയുടെ തട്ടകത്തിൽ എന്നിട്ടും അഴ്‌സണൽ പൊരുതിക്കളിച്ചു. കളിയുടെ അവസാന നിമിഷമാണ് ജോൺ സ്‌റ്റോൺസ് സിറ്റിയുടെ സമനില പിടിച്ചത്. ഒന്നാംസ്ഥാനത്ത് തുടരുകയാണ് പെപ് ഗ്വാർഡിയോളയുടെ സംഘം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..