22 December Sunday

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; സിറ്റിക്ക്‌ ഉശിരൻ 
തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

image credit Manchester City fc facebook


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിൽ മാഞ്ചസ്‌റ്റർ സിറ്റി ആധികാരിക പ്രകടനത്തോടെ തുടങ്ങി. സ്‌റ്റാംഫോർഡ്‌ ബ്രിഡ്‌ജിൽ യുവനിരയുമായി ഇറങ്ങിയ ചെൽസിയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചായിരുന്നു ചാമ്പ്യൻമാരുടെ തുടക്കം. സിറ്റി കുപ്പായത്തിൽ നൂറാംമത്സരത്തിനിറങ്ങിയ എർലിങ്‌ ഹാലണ്ട്‌ ഗോളടിച്ചു. മറ്റൊന്ന്‌ മറ്റിയോ കൊവാസിച്ചിന്റെ വകയായിരുന്നു.

പരിക്കുകാരണം റോഡ്രിയെ ഒഴിവാക്കിയാണ്‌ പെപ്‌ ഗ്വാർഡിയോള സിറ്റിയെ ഇറക്കിയത്‌. പകരമെത്തിയ മറ്റിയോ കൊവാസിച്ച്‌ തകർപ്പൻ കളി പുറത്തെടുത്തു. പ്രധാന താരങ്ങളായ ഫിൽ ഫോദെൻ, കൈൽ വാൾക്കർ, ജോൺ സ്‌റ്റോൺസ്‌ എന്നിവരും ആദ്യ പതിനൊന്നിലുണ്ടായില്ല. ബ്രസീൽ യുവതാരം സാവിന്യോ ഇറങ്ങി. ആദ്യപകുതിക്കുശേഷം സാവിന്യോയ്‌ക്ക്‌ പകരം ഫോദെനെത്തി. പരിക്കുകാരണം ഇടവേളയ്‌ക്കുശേഷം ബ്രസീലുകാരനെ പിൻവലിക്കുകയായിരുന്നു.

കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽത്തന്നെ ചെൽസി പ്രതിരോധത്തെ സിറ്റി മുന്നേറ്റം കാര്യമായി പരീക്ഷിച്ചു. അരമണിക്കൂറിനുള്ളിൽ ഹാലണ്ട്‌ ലീഡൊരുക്കി. ജെറെമി ഡൊക്കുവായിരുന്നു തുടക്കമിട്ടത്‌. ബെർണാഡോ സിൽവയിലൂടെ ഹാലണ്ടിലേക്ക്‌. ചെൽസി പ്രതിരോധത്തിനും ഗോൾ കീപ്പർ റോബർട്ട്‌ സാഞ്ചെസിനും നോർവെക്കാരനെ തടയാനായില്ല. 2022ൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിൽനിന്ന്‌ സിറ്റിയിലെത്തിയശേഷം ഹാലണ്ട്‌ നേടുന്ന 91–-ാമത്തെ ഗോളായി ഇത്‌.

കെവിൻ ഡി ബ്രയ്‌ൻ, ഡൊക്കു എന്നിവരും ഗോളിന്‌ അരികെയെത്തി. രണ്ടാംഗോൾ നേടാനുള്ള ഹാലണ്ടിന്റെ ശ്രമത്തെ സാഞ്ചെസ്‌ തടഞ്ഞു. റിക്കോ ലൂയിസ്‌ ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌ സൈഡായി. കളി തീരാൻ ആറ്‌ മിനിറ്റ്‌ ശേഷിക്കെ കൊവാസിച്ച്‌ തകർപ്പൻ വോളി സിറ്റിയുടെ ജയമുറപ്പാക്കി.

മറുവശത്ത്‌ ചെൽസിക്ക്‌ തിളങ്ങാനായില്ല. പുതിയ പരിശീലകൻ എൺസോ മറെസ്‌ക പ്രധാന താരങ്ങളിൽ പലരെയും ഉൾപ്പെടുത്തിയില്ല. 11 കളിക്കാരെയാണ്‌ ഈ സീസണിൽ ചെൽസി കൂടാരത്തിലെത്തിച്ചത്‌. ആരും ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടില്ല. പെഡ്രോ നെറ്റോ, മാർക്‌ ഗിയു എന്നീ താരങ്ങൾ പകരക്കാരായി കളത്തിലെത്തി.

നിക്കോളാസ്‌ ജോൺസൺ സിറ്റി വലയിലേക്ക്‌ പന്തിട്ടെങ്കിലും റഫറി ഓഫ്‌ സൈഡ്‌ വിളിച്ചു. പിന്നാലെ ജോൺസന്റെ വോളി സിറ്റി ഗോൾ കീപ്പർ എഡേഴ്‌സന്റെ കൈകളിലേക്കായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top