22 December Sunday
നേട്ടം 10 മീറ്റർ എയർ പിസ്‌റ്റളിൽ , ഷൂട്ടിങ്ങിൽ ഇന്ത്യക്ക് 12 വർഷത്തിനുശേഷം മെഡൽ

വീരാംഗന ; ഷൂട്ടിങ്ങിൽ മനു ഭാകറിന് വെങ്കലം , ഒളിമ്പിക്‌സ്‌ മെഡൽ നേടുന്ന ആദ്യ വനിതാ ഷൂട്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

മനു ഭക്കർ image credit Manu Bhaker facebook

പാരിസ്‌
ഈഫൽ ഗോപുരത്തെ നോക്കി മനു ചിരിച്ചു. 140 കോടി ജനതയുടെ ഹൃദയം കീഴടക്കിയ പുഞ്ചിരി. പാരിസ്‌ ഒളിമ്പിക്‌സ്‌ ഷൂട്ടിങ്ങിൽ ഹരിയാനക്കാരി മനു ഭാകറിന്‌ വെങ്കലം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ്‌ ഈ ഒളിമ്പിക്‌സിലെ ആദ്യ ഇന്ത്യൻ മെഡൽ. 12 വർഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ ഷൂട്ടിങ്ങിലെ നേട്ടം.

ഒളിമ്പിക്‌സ്‌ മെഡൽ നേടുന്ന ആദ്യ വനിതാ ഷൂട്ടർ എന്ന ബഹുമതിയും ഇരുപത്തിരണ്ടുകാരി സ്വന്തമാക്കി. ദക്ഷിണകൊറിയക്കാരായ ഓ യെ ജിനും (243.2 പോയിന്റ്‌) കിം യെജി യും (241.3) സ്വർണവും വെള്ളിയും സ്വന്തമാക്കി. ജിൻ ഒളിമ്പിക്‌ റെക്കോഡോടെയാണ്‌ ഒന്നാമതെത്തിയത്‌. 0.1 പോയിന്റ്‌ വ്യത്യാസത്തിലാണ്‌ മനുവിന്‌ സ്വർണം, വെള്ളി പോരിന്‌ അർഹത നഷ്‌ടപ്പെട്ടത്‌. രണ്ട്‌ ഇനങ്ങൾകൂടി ബാക്കിയുണ്ട്‌. തിങ്കളാഴ്‌ച 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ്‌ ഇനത്തിൽ സരബ്‌ജോത്‌ സിങ്ങിനൊപ്പം ഇറങ്ങും. 25 മീറ്റർ എയർ പിസ്റ്റളിലും മത്സരിക്കും. കഴിഞ്ഞ തവണ ടോക്യോയിൽ മൂന്നിനത്തിലും ഫൈനലിലെത്താതെയായിരുന്നു മടക്കം.

ഒളിമ്പിക്‌സ്‌ ചരിത്രത്തിൽ ഇന്ത്യ ഷൂട്ടിങ്ങിൽ നേടുന്ന നാലാം മെഡലാണ്‌. 2004 ഏതൻസിൽ രാജ്യവർധൻ സിങ് റാത്തോഡ്‌ നേടിയ വെള്ളിയാണ്‌ ആദ്യ മെഡൽ. 2008 ബീജിങ്ങിൽ അഭിനവ്‌ ബിന്ദ്ര സ്വർണം സ്വന്തമാക്കി. 2012 ലണ്ടനിൽ വിജയ്‌കുമാറിന്‌ വെള്ളിയും ഗഗൻ നാരംഗിന്‌ വെങ്കലവും.രണ്ടാംദിനം രണ്ട്‌ ഷൂട്ടർമാർകൂടി ഫൈനലിലെത്തി. പുരുഷന്മാരുടെ 10 മീറ്റർ എയർറൈഫിൾ വിഭാഗത്തിൽ അർജുൻ ബബുട്ട ഏഴാംസ്ഥാനത്തോടെ ഫൈനലിൽ കടന്നു. തിങ്കൾ പകൽ 3.30നാണ്‌ സ്വർണപ്പോരാട്ടം. വനിതകളിൽ രമിത ജിൻഡാൽ അഞ്ചാമതായാണ്‌ ഫൈനലിലേക്ക്‌ കുതിച്ചത്‌. പകൽ ഒന്നിനാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top