ബെർലിൻ
ജർമനിയുടെ വിഖ്യാത ഗോൾ കീപ്പർ മാനുവൽ നോയെ രാജ്യാന്തര ഫുട്‌ബോൾ നിർത്തി. 15 വർഷത്തെ കളിജീവിതത്തിനാണ് അവസാനം. ഒരുപതിറ്റാണ്ടോളം ജർമനിയുടെ ഒന്നാംനമ്പർ ഗോൾ കീപ്പറായിരുന്നു മുപ്പത്തെട്ടുകാരൻ. യൂറോ കപ്പിനുശേഷം വിരമിക്കുന്ന നാലാമത്തെ ജർമൻ താരമാണ്. ഇകായ് ഗുൺഡോവൻ, തോമസ് മുള്ളർ, ടോണി ക്രൂസ് എന്നിവരും യൂറോയ്‌ക്കുശേഷം ജർമൻ ടീം വിട്ടിരുന്നു.നോയെ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിൽ തുടരും.
യൂറോ കപ്പ് ക്വാർട്ടറിൽ സ്‌പെയ്‌നെതിരെയായിരുന്നു ജർമൻ കുപ്പായത്തിലെ അവസാന കളി. 124 മത്സരങ്ങളിൽ ജർമനിക്കായി ഇറങ്ങി. 2014 ലോകകപ്പ് വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു. എന്നാൽ, ക്യാപ്‌റ്റനായെത്തിയ 2018ലും 2022ലും ആദ്യറൗണ്ടിൽ പുറത്തായി. 2026 ലോകകപ്പുവരെ തുടരുമെന്നായിരുന്നു സൂചന. നോയെയും തുടരാൻ താൽപ്പര്യം പ്രകടപ്പിച്ചിരുന്നു. എന്നാൽ, വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായി. ‘ശാരീരികമായി ഞാൻ മികച്ച നിലയിലാണ്. 2026 ലോകകപ്പ് കളിക്കാനുള്ള ആരോഗ്യവുമുണ്ട്. അതേസമയം, വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ബയേണിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും’–- നോയെ കുറിച്ചു.
യൂറോ കപ്പിൽ കിരീടമില്ലാത്തത് നിരാശയായി. ബാഴ്‌സലോണ ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർ സ്‌റ്റെയ്‌ഗനായിരിക്കും ജർമനിയുടെ അടുത്ത ഒന്നാംനമ്പർ ഗോൾ കീപ്പർ. 2012ൽ അരങ്ങേറിയ ടെർ സ്‌റ്റെയ്‌ഗന് ആകെ 40 മത്സരങ്ങളിൽ ഇറങ്ങാനായിട്ടുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..