പാരിസ്
ഒരുതരി പൊന്നില്ലാതെ മാർത്ത അവസാനിപ്പിച്ചു. ഒളിമ്പിക്‌സ് ചാമ്പ്യനെന്ന സ്വപ്നം ബാക്കിയാക്കി ബ്രസീൽ ക്യാപ്‌റ്റൻ മടങ്ങി. വനിതാ ഫുട്‌ബോൾ ഫൈനലിൽ അമേരിക്കയോട് ഒരുഗോളിനാണ് ബ്രസീൽ തോറ്റത്. ഇത് അവസാന ഒളിമ്പിക്‌സാണെന്ന് പ്രഖ്യാപിച്ചെത്തിയ മാർത്തയ്‌ക്ക് കണ്ണീർമടക്കം. ദേശീയകുപ്പായത്തിൽ ഒരിക്കലും ചാമ്പ്യനാകാനായിട്ടില്ല. ആറാം ഒളിമ്പിക്‌സ് കളിച്ച മുപ്പത്തെട്ടുകാരിക്ക് മൂന്ന് വെള്ളിയുണ്ട്. മൂന്നുതവണയും അമേരിക്കയോട് തോറ്റു. 2004ലും 2008ലും വീണു. 24 വർഷമായി കളത്തിലുള്ള മുന്നേറ്റക്കാരി വിരമിക്കൽസൂചനയും നൽകി. 2027ൽ നാട്ടിൽ നടക്കുന്ന ലോകകപ്പ്‌വരെ ദേശീയകുപ്പായത്തിലുണ്ടാകില്ലെന്ന് വ്യക്തമാക്കി.
വനിതാ ഫുട്‌ബോളിലെ ഇതിഹാസമാണ് മാർത്ത. ബ്രസീലിനായി 204 കളിയിൽ 109 ഗോളടിച്ചു. അഞ്ച് ലോകകപ്പിൽ ഭാഗമായി. 17 ഗോളടിച്ചു. ഇത് റെക്കോഡാണ്. പുരുഷ–-വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുള്ള താരമാണ്. അഞ്ച് പതിപ്പിൽ ലക്ഷ്യംകണ്ട ഏക കളിക്കാരിയും മാർത്തയാണ്. ആറുവട്ടം ഫിഫയുടെ മികച്ച കളിക്കാരിയായി. ഈ ഒളിമ്പിക്‌സ് അത്രനല്ല ഓർമയല്ല. സ്‌പെയ്‌നിനെതിരെ ഗ്രൂപ്പിലെ അവസാന കളിയിൽ ചുവപ്പ് കാർഡ് കണ്ട് രണ്ടുകളിയിൽ വിലക്ക് കിട്ടി. അമേരിക്കയ്‌ക്കെതിരെ രണ്ടാംപകുതി പകരക്കാരിയായാണ് എത്തിയത്. മല്ലോരി സ്വാൻസണിന്റെ ഗോളിലാണ് ബ്രസീൽ തോറ്റത്. ‘‘ഉടനെ അപ്രത്യക്ഷയാകില്ല. പക്ഷേ അടുത്ത ലോകകപ്പിൽ കളിക്കാനുണ്ടാകില്ല. ഫുട്‌ബോൾ എന്റെ ജീവിതമാണ്’’–-മത്സരശേഷം മാർത്ത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..