പാരിസ്
ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയാണ് മിഹയ്‌ൻ ലോപെസിന്റെ മാതൃക. ഗോദയിലും പുറത്തും സ്വാധീനിച്ചത് കാസ്‌ട്രോയാണെന്ന് ക്യൂബൻ ഗുസ്‌തി ഇതിഹാസം പലവട്ടം പറഞ്ഞിട്ടുണ്ട്. ഒളിമ്പിക്‌സിൽ തുടർച്ചയായ അഞ്ചാംസ്വർണത്തോടെ നാൽപ്പത്തൊന്നുകാരൻ പ്രഖ്യാപിച്ചു ‘ഒരു യുഗം അവസാനിക്കുകയാണ്’. 130 കിലോഗ്രാം ഗ്രീക്കോ–-റോമൻ വിഭാഗത്തിലാണ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. 2008 ബീജിങ് മുതൽ സ്വർണമുണ്ട്. ഒരു ഇനത്തിൽ അഞ്ച് വ്യക്തിഗത സ്വർണമെഡലുള്ള മറ്റൊരു താരമില്ല. അമേരിക്കൻ വനിതാ ബാസ്‌കറ്റ്‌ബോൾ താരങ്ങളായിരുന്ന സുയി ബേർഡിനും ഡയാന തൗറാസിക്കും ഈ നേട്ടമുണ്ട്. പക്ഷേ, ടീം ഇനമാണ്.
ലോക ഗുസ്‌തി കണ്ട എക്കാലത്തെയും മികച്ച താരമാണ്. 21–-ാംവയസ്സിൽ 2004ൽ ഏതൻസിലായിരുന്നു ഒളിമ്പിക് അരങ്ങേറ്റം. അന്ന് ക്വാർട്ടറിൽ പുറത്തായി. പിന്നീട് തിരിഞ്ഞുനോക്കിയില്ല. 2008 ബീജിങ്ങിൽ സ്വർണയാത്ര തുടങ്ങി. 2012 ലണ്ടനിലും 2016 റിയോയിലും 2020 ടോക്യോയിലും നേട്ടം ആവർത്തിച്ചു. ടോക്യോ ഒളിമ്പിക്‌സിനുശേഷം രാജ്യാന്തര വേദിയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. പാരിസിൽ ആധിപത്യത്തോടെയായിരുന്നു പൊന്നണിഞ്ഞത്. ഫൈനലിൽ ചിലിയുടെ യസ്‌മാനി അകോസ്റ്റയെ 6–-0ന് തകർത്തു. മത്സരത്തിനുപിന്നാലെ ഗോദയിൽ ബൂട്ടഴിച്ച് വിരമിക്കൽ തീരുമാനം പ്രതീകാത്മകമായി അറിയിച്ചു. ‘ഇനി കൗമാരക്കാരെ ഗുസ്‌തി പഠിപ്പിക്കണം. ക്യൂബയിൽനിന്ന് ഇനിയും ചാമ്പ്യൻമാർ വരും. മഹാനായ കാസ്‌ട്രോയെ ഈ നിമിഷം ഓർക്കുന്നു. അദ്ദേഹമാണ് എന്നും പ്രചോദനം. ക്യൂബൻ വിപ്ലവത്തിന് നന്ദി’– -ലോപെസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..