കൊച്ചി
ഫുട്‌ബോളിൽ ജയത്തിനും തോൽവിക്കുമിടയിൽ നേർരേഖമാത്രമേയുള്ളൂ. ഏതു നിമിഷവും കളിഗതി മാറാം. ഫലം മാറാം. അതിനാൽ കളത്തിലെ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്–- ഐഎസ്‌എൽ 11–-ാംസീസണിന് ഒരുങ്ങുമ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറേയുടെ ആദ്യപ്രതികരണം ഇതായിരുന്നു. 15നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യകളി. കൊച്ചിയിൽ പഞ്ചാബ് എഫ്‌സിയാണ് എതിരാളി.
സ്വീഡിഷുകാരനായ സ്റ്റാറേ ഇന്ത്യയിലെത്തിയിട്ട് രണ്ടുമാസമാകുന്നതേയുള്ളൂ. ഡ്യൂറൻഡ് കപ്പായിരുന്നു ആദ്യപരീക്ഷണം. ക്വാർട്ടറിൽ ബംഗളൂരു എഫ്‌സിയോട് തോറ്റ് പുറത്തായി. 11 വർഷമായിട്ടും ബ്ലാസ്‌റ്റേഴ്‌സിന് കിരീടമില്ല. ഇക്കുറി മാറ്റമുണ്ടാകുമെന്നാണ് കോച്ചിന്റെ വാദം. ‘നല്ലത് സംഭവിക്കും. കിരീടംതന്നെയാണ് ലക്ഷ്യം. പക്ഷേ, അതൊട്ടും എളുപ്പമല്ല. ഐഎസ്‌എല്ലിന് ചെറിയ ചരിത്രമേയുള്ളൂ. തുടങ്ങിയിട്ട് പത്തുവർഷം. അടുത്ത നിമിഷമെന്ത് എന്നാണ് ഈ ഘട്ടത്തിൽ ചിന്തിക്കുന്നത്. പരസ്‌പരവിശ്വാസം പ്രധാനമാണ്. കളിക്കാർ തമ്മിലും പരിശീലകരായും നല്ല ബന്ധവും സഹകരണവുമുണ്ടാകണം. കളത്തിൽ തീർച്ചയായും അതിന് പ്രതിഫലനമുണ്ടാകും’–- സ്റ്റാറേ പറയുന്നു.
ഡ്യൂറൻഡ് കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിനെ അളക്കാനാകില്ലെന്നും അമ്പത്തൊമ്പതുകാരൻ വ്യക്തമാക്കി. ‘ഡ്യൂറൻഡ് കപ്പിൽ അക്കാദമി ടീം, ആർമി ടീം എന്നിവയുമായി കളിച്ചു. ഐഎസ്‌എൽ കളിക്കുന്ന രണ്ടു ടീമുമായും കളിച്ചു. ക്വാർട്ടറിൽ ബംഗളൂരുവിനെതിരെ പരിക്കുസമയത്തിന്റെ അവസാന നിമിഷത്തിലാണ് ഗോൾ വഴങ്ങിയത്. മറിച്ചായിരുന്നേൽ ഷൂട്ടൗട്ടാകുമായിരുന്നു. എന്നിരുന്നാലും ഡ്യൂറൻഡ് കപ്പ് മികച്ച അനുഭവമായിരുന്നു. ഐഎസ്‌എൽ മറ്റൊരു അനുഭവമാണ്. കൂടുതൽ മികച്ച ടീമുകളാണ്. കളികൾ കഠിനമാകും. ടീമിനൊപ്പം ചേർന്നിട്ട് 64 ദിവസമായതേയുള്ളൂ. കേരളത്തിൽ കാലുകുത്തിയിട്ട് ഏതാനും മണിക്കൂറുകളും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ചോ ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ചോ പറയാറായിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകവൃന്ദത്തെക്കുറിച്ച് കേട്ടിട്ടുണ്ട്–- കോച്ച് പറഞ്ഞു.
ഗോൾ കീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധക്കാരൻ മിലോസ് ഡ്രിൻസിച്ച്, മുന്നേറ്റതാരം ഇഷാൻ പണ്ഡിത എന്നിവരും സംസാരിച്ചു. കഴിഞ്ഞ സീസൺ അവസാനഘട്ടത്തിൽ പരിക്കേറ്റ് മടങ്ങേണ്ടിവന്നതിൽ കടുത്ത നിരാശയുണ്ടായിരുന്നതായി സച്ചിൻ സുരേഷ് പറഞ്ഞു. ഡ്യൂറൻഡ് കപ്പിൽ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്–- മലയാളി ഗോൾ കീപ്പർ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..