ഗോൾഡ് കോസ്റ്റ്
ഓസ്‌ട്രേലിയൻ വനിതകൾക്കെതിരായ ചതുർദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മിന്നുമണി. ആദ്യദിനം ഇന്ത്യൻ എ ടീമിനായി അഞ്ച് വിക്കറ്റാണ് മലയാളിതാരം നേടിയത്. ഓസീസ് ഒന്നാം ഇന്നിങ്‌സിൽ 212ന് പുറത്തായി. മറുപടിക്കെത്തിയ ഇന്ത്യ ആദ്യദിനം 36 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റണ്ണെടുത്തു. എട്ട് വിക്കറ്റ് ശേഷിക്കെ 112 റൺ പിന്നിൽ.
ഇന്ത്യൻ എ ടീം ക്യാപ്‌റ്റൻകൂടിയായ മിന്നുവിന്റെ സ്‌പിൻ ബൗളിങ് ഓസീസ് ബാറ്റിങ് നിരയെ ഉലച്ചു. 21 ഓവറിൽ രണ്ട് മെയ്‌ഡൻ ഉൾപ്പെടെ 58 റൺ വഴങ്ങിയായിരുന്നു അഞ്ച് വിക്കറ്റ് നേട്ടം. പ്രിയ മിശ്ര നാല് വിക്കറ്റ് നേടി. 71 റണ്ണെടുത്ത ഓപ്പണർ ജോർജിയ വോളാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഒരുഘട്ടത്തിൽ എട്ടിന് 144 റണ്ണെന്ന നിലയിലായിരുന്നു. ഒമ്പതാം വിക്കറ്റിൽ കെയ്‌റ്റ് പീറ്റേഴ്‌സണും (26) ഗ്രേസ് പീറ്റേഴ്‌സണും (35) ചേർന്നാണ് 200 കടത്തിയത്.
മറുപടിക്കെത്തിയ ഇന്ത്യക്കായി ഓപ്പണർ ശ്വേത സെഹ്‌റാവത്ത് 40 റണ്ണുമായി ക്രീസിലുണ്ട്. 31 റണ്ണെടുത്ത തേജൽ ഹസബ്‌നിസാണ് കൂട്ട്. മിന്നുവിനെ കൂടാതെ മറ്റൊരു മലയാളിതാരം സജന സജീവനും ടീമിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..