മുംബൈ
വയനാട്ടുകാരി മിന്നുമണി ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഉൾപ്പെട്ടു. ഇരുപത്തഞ്ചുകാരി ആദ്യമായാണ് ഏകദിന ടീമിലെത്തുന്നത്. അഞ്ച് ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ എ ടീം ക്യാപ്‌റ്റനായി ഓസ്‌ട്രേലിയൻ എ ടീമിനെതിരെ നടത്തിയ മികച്ച പ്രകടനമാണ് വീണ്ടും ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്.
കഴിഞ്ഞവർഷം ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലാണ് ഓഫ് സ്‌പിന്നറായ മിന്നുമണി അരങ്ങേറിയത്. മൂന്നുകളിയിൽ അഞ്ച് വിക്കറ്റെടുത്തു. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ആഗസ്‌തിൽ ഇന്ത്യൻ എ ടീമിന്റെ ക്യാപ്‌റ്റനായി ഓസ്‌ടേലിയയിൽ നടത്തിയ പര്യടനമാണ് വഴിത്തിരിവായത്. ഓസ്‌ട്രേലിയ എ ടീമിനെതിരെ ഏകടെസ്‌റ്റിൽ 11 വിക്കറ്റെടുത്തു. മൂന്ന് ഏകദിനങ്ങളിൽ നാല് വിക്കറ്റും വാലറ്റത്ത് മോശമല്ലാത്ത ബാറ്റിങ്ങും നടത്തി. മൂന്ന് ട്വന്റി20 മത്സരങ്ങളിലും വിക്കറ്റുണ്ട്.
ഹർമൻപ്രീത് കൗർ ക്യാപ്‌റ്റനായ 16 അംഗ ടീമിൽ ഓപ്പണർ ഷഫാലി വർമയില്ല. ഡിസംബർ 5, 8 തീയതികളിൽ ബ്രിസ്‌ബെയ്‌നിലും 11ന് പെർത്തിലുമാണ് മത്സരം.
ടീം: ഹർമൻപ്രീത് (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്‌റ്റൻ), പ്രിയ പുണിയ, ജെമീമ, ഹർലീൻ ഡിയോൾ, യസ്‌തിക ഭാട്ടിയ, റിച്ചാഘോഷ്, തേജൽ ഹസബ്‌നിസ്, ദിപ്‌തി ശർമ, മിന്നുമണി, പ്രിയ മിശ്ര, രാധാ യാദവ്, ടൈറ്റസ് സധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, സെയ്‌മ താക്കർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..