23 December Monday

സൂപ്പർ 
സാന്റ്‌നെർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

പുണെ > ആകെ 29 ടെസ്‌റ്റാണ്‌ മിച്ചെൽ സാന്റ്‌നെർ കളിച്ചിട്ടുള്ളത്‌. ഒരു ഇന്നിങ്‌സിൽ മൂന്നിൽക്കൂടുതൽ വിക്കറ്റോ ഒരു ടെസ്‌റ്റിൽ ആറിൽക്കൂടുതൽ വിക്കറ്റോ ലഭിക്കാത്ത സ്‌പിന്നർ. കഴിഞ്ഞമാസം ശ്രീലങ്കയിൽ നടന്ന രണ്ട്‌ ടെസ്‌റ്റിന്റെ മൂന്ന് ഇന്നിങ്‌സിലായി ആകെ നേടാനായത്‌ ഒരു വിക്കറ്റ്‌മാത്രം. ഇന്ത്യയുമായുള്ള ഒന്നാം ടെസ്‌റ്റിൽ കളിപ്പിച്ചില്ല.

കളിജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത ആനന്ദനിമിഷങ്ങളായിരുന്നു പുണെയിൽ മുപ്പത്തിരണ്ടുകാരനെ കാത്തിരുന്നത്‌. ഇന്ത്യൻമണ്ണിൽ ആദ്യമായി ന്യൂസിലൻഡ്‌ പരമ്പര നേട്ടം കൊയ്‌തപ്പോൾ 13 വിക്കറ്റുമായി  അമരത്ത്‌ നിന്നു. ആദ്യ ഇന്നിങ്‌സിൽ നേടിയ 33 റണ്ണും നിർണായകമായി. ഒന്നാം ക്ലാസ്‌ ക്രിക്കറ്റിൽ ആദ്യമായാണ്‌ 10 വിക്കറ്റ്‌ നേട്ടം.

ഇടംകൈയൻ സ്‌പിന്നർമാർക്കെതിരെ മോശം റെക്കോഡുള്ള ഇന്ത്യൻ ബാറ്റർമാർ സാന്റ്‌നറുടെ പന്തുകളിൽ വിറച്ചുപോയി. ടീമിലെ ഏറ്റവും മികച്ച ബാറ്റർ വിരാട്‌ കോഹ്‌ലിയെ രണ്ട്‌ ഇന്നിങ്‌സിലും കെട്ടുകെട്ടിച്ചു. ഒന്നാം ഇന്നിങ്‌സിൽ ബൗൾഡാക്കി. രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റിനുമുന്നിൽ കുരുക്കി. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലെല്ലാം മായാജാലം കാട്ടി. മിന്നുന്ന പ്രകടനം നടത്തിയ യശസ്വി ജയ്‌സ്വാളിനെ ഒന്നാന്തരം പന്തിലാണ്‌ ഡാരിൽ മിച്ചെലിന്റെ കൈയിലെത്തിച്ചത്‌. ഒറ്റയ്‌ക്ക്‌ കളിമാറ്റാൻ കഴിവുള്ള രോഹിത്‌ ശർമയെ ആദ്യഘട്ടത്തിൽത്തന്നെ വീഴ്‌ത്തി. ശുഭ്‌മാൻ ഗില്ലിനെ തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും വിക്കറ്റിനുമുന്നിൽ കുരുക്കി. സർഫറാസ്‌ ഖാന്റെ വിക്കറ്റ്‌ പിഴുതു. രവീന്ദ്ര ജഡേജയുമായി കൂട്ടുകെട്ടുണ്ടാക്കുന്ന ഘട്ടത്തിലാണ്‌ ആർ അശ്വിനെ പുറത്താക്കിയത്‌. രണ്ടാം ഇന്നിങ്‌സിൽ മറ്റ്‌ ബൗളർമാരിൽനിന്ന്‌ പിന്തുണ കുറവായിരുന്നു.

ബാറ്ററെ ഡ്രൈവ്‌ ചെയ്യാനായി പ്രേരിപ്പിച്ചും പന്തിന്റെ വേഗം കൂട്ടിയും കുറച്ചുമെല്ലാം സാന്റ്‌നെർ ആഘോഷിക്കുകയായിരുന്നു. പിച്ചിലെ സഹായത്തിനൊപ്പം പന്തെറിയുന്നതിലെ കൃത്യതയായിരുന്നു ഈ ഓൾറൗണ്ടറെ അപകടകാരിയാക്കിയത്‌. മൂന്നാംദിനം ഇടയ്‌ക്ക്‌ ഇടുപ്പുവേദന വന്നിട്ടും ബൗളിങ്‌ നിർത്തിയില്ല. രണ്ട്‌ ഇന്നിങ്‌സിലുമായി 48.3 ഓവറാണ്‌ എറിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top