18 December Wednesday

തിരിച്ചുവരവ്, 
ഷമിക്ക്‌ നാല്‌ വിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


ഇൻഡോർ
നീണ്ട ഇടവേളയ്‌ക്കുശേഷം ക്രിക്കറ്റ്‌ കളത്തിലേക്ക്‌ തിരിച്ചെത്തിയ പേസർ മുഹമ്മദ്‌ ഷമി  രഞ്‌ജി ട്രോഫിയിൽ തിളങ്ങി. ബംഗാളിനായി ഇറങ്ങിയ ഷമി മധ്യപ്രദേശിന്റെ നാല്‌ വിക്കറ്റാണ്‌ വീഴ്‌ത്തിയത്‌. പരിക്കുകാരണം ഒരുവർഷത്തിലേറെയായി മുപ്പത്തിനാലുകാരൻ കളത്തിന്‌ പുറത്തായിരുന്നു. പരിക്കുമാറിയെത്തതിനുശേഷം ആദ്യമായി കളിച്ച മത്സരത്തിൽത്തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായത്‌ ഷമിക്ക്‌ ആത്മവിശ്വാസം നൽകി. അടുത്തയാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലേക്ക്‌ ഷമിയെ വിളിക്കാനും സാധ്യതയുണ്ട്‌. രണ്ടാം ഇന്നിങ്‌സിലെ പ്രകടനംകൂടി കണക്കിലെടുത്താകും സെലക്ടർമാരുടെ തീരുമാനം. രണ്ടാം ടെസ്‌റ്റിലേക്കായിരിക്കും പരിഗണിക്കുക. പകൽ രാത്രി മത്സരമാണിത്‌.

പത്തൊമ്പത് ഓവർ എറിഞ്ഞ ബംഗാൾ പേസർ 54 റൺമാത്രം വഴങ്ങിയാണ്‌ നാല്‌ വിക്കറ്റെടുത്തത്‌. മധ്യപ്രദേശ്‌ ക്യാപ്‌റ്റൻ ശുഭം ശർമയുടെ കുറ്റിതെറിപ്പിച്ചാണ്‌ തുടങ്ങിയത്‌. നാലിൽ മൂന്നും ബൗൾഡായിരുന്നു. 167 റണ്ണിനാണ്‌ മധ്യപ്രദേശ്‌ പുറത്തായത്‌. ബംഗാൾ രണ്ടാം ഇന്നിങ്‌സിൽ അഞ്ചിന്‌ 170 റണ്ണെന്ന നിലയിയാണ്‌. ഒന്നാം ഇന്നിങ്‌സിൽ 228ന്‌ പുറത്തായിരുന്നു. രണ്ടുദിനം ശേഷിക്കെ 231 റൺ ലീഡായി.  2023ലെ ഏകദിന ലോകകപ്പ്‌ ഫൈനലിലാണ്‌ ഷമിക്ക്‌ പരിക്കേറ്റത്‌. മറ്റൊരു മത്സരത്തിൽ ഉത്തരാഖണ്ഡിനെതിരെ രാജസ്ഥാനായി മഹിപാൽ ലോംറർ ട്രിപ്പിൾ സെഞ്ചുറി നേടി. 360 പന്തിൽ 300 റണ്ണുമായി പുറത്താകാതെ നിന്ന ലോംററിന്റെ മികവിൽ രാജസ്ഥാൻ ഏഴിന്‌ 660 റണ്ണെടുത്ത്‌ ഡിക്ലയർ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top